ഹൈദരാബാദ്: പ്രേതങ്ങളോടുളള തൊഴിലാളികളുടെ പേടി മാറ്റാൻ എംഎൽഎ ശ്‌മശാനത്തിൽ കിടന്നുറങ്ങി. പ്രേത ബാധയുണ്ടെന്ന ഭയത്താൽ തൊഴിലാളികൾ പണിയെടുക്കാൻ മടിച്ചതോടെയാണ് തെലുങ്കുദേശം പാർട്ടി എംഎൽഎ നിമ്മ രാമ നായിഡു ശ്‌മശാനത്തിൽ കിടന്നുറങ്ങാൻ തീരുമാനിച്ചത്. വെസ്റ്റ് ഗോദാവരി ജില്ലയിലെ പലകോലേയിലുളള ഹിന്ദു ശ്‌മശാന വാടികയിലാണ് വെളളിയാഴ്‌ച രാത്രി എംഎൽഎ കിടന്നുറങ്ങിയത്.

ശ്‌മാശനത്തിൽ വച്ചാണ് എംഎൽഎ രാത്രി ഭക്ഷണം കഴിച്ചത്. രാവിലെ വീട്ടിലേക്ക് മടങ്ങിയ എംഎൽഎ നിർമ്മാണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഉച്ച തിരിഞ്ഞ് വീണ്ടും ശ്‌മശാനത്തിലേക്ക് എത്തി. ”രണ്ടോ മൂന്നോ ദിവസം കൂടി ശ്‌മശാനത്തിൽ കിടന്നുറങ്ങും. ഇത് നിർമ്മാണ തൊഴിലാളികൾക്ക് ആത്മവിശ്വാസം നൽകും. അല്ലെങ്കിൽ പേടി മൂലം അവർ ശ്‌മശാനത്തിലേക്ക് കയറില്ല. ഇത് നിർമ്മാണ പ്രവർത്തനങ്ങളെ ബാധിക്കും”, നിമ്മല പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്‌തു.

ഒരു വർഷം മുൻപാണ് ശ്‌മശാനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി മൂന്നു കോടി രൂപ അനുവദിച്ചത്. മാസങ്ങൾക്കു മുൻപ് കരാർ കൊടുക്കുകയും ചെയ്‌തു. എന്നാൽ പണി തുടങ്ങി അധികനാൾ കഴിയും മുൻപേ നിർത്തിവച്ചു. തൊഴിലാളികൾ പാതിവെന്ത മൃതശരീരങ്ങൾ കണ്ടതോടെ പേടിക്കുകയും പ്രേതങ്ങളെ ഭയന്ന് പണിക്ക് വരാതാവുകയും ചെയ്‌തതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിയത്. തുടർന്നാണ് ശ്‌മാശനത്തിൽ കിടന്നുറങ്ങാൻ എംഎൽഎ മുന്നോട്ടു വന്നത്.

‘ഒരു രാത്രി മുഴുവൻ ഒറ്റയ്‌ക്ക് ശ്‌മാശനത്തിൽ ഞാൻ ചെലവിട്ടതോടെ തൊഴിലാളികൾക്ക് ഭയം മാറിത്തുടങ്ങിയിട്ടുണ്ട്. 50 ഓളം തൊഴിലാളികൾ മടങ്ങിയെത്തി. ഇനിയും കൂടുതൽ പേർ തിരികെ വരുമെന്നാണ് കരുതുന്നത്’, എംഎഎ പറഞ്ഞു. ശ്‌മാശനത്തിൽ കിടന്നുറങ്ങിയപ്പോൾ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ എന്നു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ കൊതുകിന്റെ ശല്യം മാത്രമാണ് ഉണ്ടായതെന്ന് എംഎൽഎ മറുപടി പറഞ്ഞു. അടുത്ത ദിവസം കൊതുകുവലയും കൊണ്ടായിരിക്കും താൻ ഉറങ്ങാൻ എത്തുകയെന്നും എംഎൽഎ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook