വിജയവാഡ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും തന്നെ ഓര്‍മിപ്പിക്കുന്നത് അഡോള്‍ഫ്‌ ഹിറ്റ്‌ലറേയും ബെനിറ്റോ മുസോളിനിയേയും ആണെന്ന് ആന്ധ്രാപ്രദേശ് ധനകാര്യ മന്ത്രി. തെലങ്കു ദേശം പാര്‍ട്ടി അംഗമായ യാനമല രാമകൃഷ്ണഡുവാണ് മോദിയേയും അമിത് ഷായേയും ഫാസിസ്റ്റുകളുമായി താരതമ്യം ചെയ്തത്.

“മോദിയേയും അമിത് ഷായേയും കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ എനിക്ക് ഓര്‍മവരുന്നത് ഹിറ്റ്‌ലറേയും മുസോളിനിയേയുമാണ്. അവര്‍ രണ്ടുപേരും ജനാധിപത്യം ഇല്ലാതാക്കിയ എകാധിപതികളും ഫാസിസ്റ്റുകളുമാണ്. മോദിക്കും അമിത് ഷാക്കുമുള്ള ഒരേയൊരു താത്പര്യം അധികാരം പിടിച്ചെടുക്കാനാണ്. ജനങ്ങളുടെ ക്ഷേമം അവരുടെ വിഷയമേ അല്ല. അവരെ നയിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണ്. തങ്ങളുടേതല്ലാത്ത ആദര്‍ശങ്ങളെയും മതങ്ങളെയും ഈ രാജ്യത്ത് നിന്നും ഇല്ലായ്മ ചെയ്യുക എന്നതാണ് അവരുടെ പരിപാടി.” വിജയവാഡയില്‍ ടിഡിപി സംഘടിപ്പിച്ച ‘മഹാനാടു’ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2019ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കും എന്ന നയപ്രഖ്യാപനം നടത്തിയ ടിഡിപി, രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെയും ഭരണഘടനാപരമായ മൂല്യങ്ങളേയും ഇല്ലാതാക്കുകയാണ് ബിജെപി എന്നും ആരോപിച്ചു. ഫെഡറല്‍ മൂല്യങ്ങളെ അടക്കം അട്ടിമറിക്കുന്ന നിലപാടാണ് മോദി സര്‍ക്കാരിന്റേത് എന്നും പാര്‍ട്ടി ആരോപിച്ചു.

2002ല്‍ ഗോദ്രാ കലാപത്തിന് പിന്നാലെ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം എന്ന് ചന്ദ്രബാബു നായിഡു മോദിയോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ പകപോക്കലിന്റെ ഭാഗമായാണ് മോദി ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാതിരുന്നതെന്നും രാമകൃഷ്ണഡു ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ