ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ തെലുങ്കു ദേശം പാർട്ടിയും വൈഎസ്ആർ കോൺഗ്രസും നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് പിന്തുണ ലഭിച്ചെങ്കിലും രാജ്യസഭയിൽ അത് അവതരിപ്പിക്കാനായില്ല. തെലങ്കാന രാഷ്ട്ര സമിതിയും അണ്ണാ ഡിഎംകെയും നടത്തിയ പ്രതിഷേധത്തെ തുടർന്ന് സഭയിലെ പ്രവർത്തനങ്ങൾ അലങ്കോലപ്പെട്ടതിനെ തുടർന്ന് സഭ പിരിഞ്ഞു.

ഇനി തിങ്കളാഴ്ച മാത്രമേ സഭ കൂടുകയുളളൂ. സഭയിൽ കേന്ദ്രസർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് പിന്തുണയുമായി കോൺഗ്രസ്, സിപിഎം, തൃണമൂൽ കോൺഗ്രസ് എന്നിവർ മുന്നോട്ട് വന്നിരുന്നു. എന്നാൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ സാധിക്കാതെ വന്നതോടെ പ്രതിപക്ഷത്തിന് ഇത് തിരിച്ചടിയായി.

എന്നാൽ തിങ്കളാഴ്ച സഭ വീണ്ടും ചേരുമ്പോൾ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചേക്കും. പ്രതിപക്ഷ ഐക്യം കൂടുതൽ ശക്തിപ്പെടുമെന്ന തരത്തിലാണ് പാർലമെന്റിലെ സ്ഥിതിഗതികൾ മുന്നോട്ട് പോയത്. മന്ത്രിമാരെ നേരത്തെ പിൻവലിച്ച തെലുങ്കു ദേശം പാർട്ടി അദ്ധ്യക്ഷൻ ചന്ദ്രശേഖർ റാവു കേന്ദ്രസർക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി രംഗത്ത് വരികയായിരുന്നു.

ആന്ധ്ര പ്രദേശിന് കേന്ദ്രസർക്കാർ ഉറപ്പുനൽകിയിരുന്ന പ്രത്യേക പദവി നൽകാതിരുന്നത് ചതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം ജനറൽ സെക്രട്ടറി അവിശ്വാസ പ്രമേയത്തിന് പിന്തുണ അറിയിച്ചത്. പാർട്ടി നിലപാട് വ്യക്തമാക്കിക്കൊണ്ട് സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.

ആന്ധ്ര പ്രദേശിന് പ്രത്യേക പദവി എന്ന ആവശ്യത്തെ തുടക്കം മുതലേ തങ്ങൾ പിന്തുണക്കുന്നതാണെന്ന് വ്യക്തമാക്കിയാണ് കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് പിന്തുണ അറിയിച്ചത്. “ആന്ധ്ര പ്രദേശ് സംസ്ഥാനത്തെ ജനങ്ങൾക്ക് നീതി ലഭിക്കണമെന്നത് ഞങ്ങളുടെ ആവശ്യമാണ്. അവിശ്വാസ പ്രമേയം സർക്കാർ ജനങ്ങളെ വഞ്ചിച്ചുവെന്നതിന്റെ തെളിവാണ്,” മല്ലികാർജുൻ ഗാർഗെ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ