/indian-express-malayalam/media/media_files/uploads/2023/09/chandrababu-naidu.jpg)
നായിഡുവിനെതിരെ അഴിമതി നിരോധന നിയമവും ആന്ധ്രാപ്രദേശ് സിഐഡി ചുമത്തിയിട്ടുണ്ട്
ആന്ധ്രാ: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുഗു ദേശം പാർട്ടി (ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു അറസ്റ്റിൽ. അഴിമതിക്കേസിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ശനിയാഴ്ച നന്ദ്യാലിൽ നിന്ന് അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
ടിഡിപി നേതാവിനെ ആന്ധ്രാപ്രദേശ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) രാവിലെ ആറ് മണിയോടെ ജ്ഞാനപുരത്തെ ആർകെ ഫംഗ്‌ഷൻ ഹാളിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
ശനിയാഴ്ച പുലർച്ചെ നായിഡുവിനെ കസ്റ്റഡിയിലെടുക്കാൻ പോലീസ് ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തി. എന്നാൽ, നടപടിയെ ചോദ്യം ചെയ്ത് ടിഡിപി പ്രവർത്തകർ പോലീസുകാരുമായി തർക്കത്തിലേർപ്പെട്ടതിനാൽ നടപടി വൈകി. മുതിർന്ന നേതാവിനെതിരെ പുലർച്ചെ പൊലീസ് നടത്തിയ നടപടിയെ പാർട്ടി നേതാക്കൾ അപലപിച്ചു. പാർട്ടി പ്രവർത്തകരിൽ ചിലരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
നായിഡുവിന്റെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് ടിഡിപി നേതാവിന്റെ അഭിഭാഷകൻ അറിയിച്ചു. ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും കണ്ടെത്തിയതിനെ തുടർന്ന് സിഐഡി ചന്ദ്രബാബുവിനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി. "ജാമ്യത്തിനായി ഞങ്ങൾ ഹൈക്കോടതിയെ സമീപിക്കുകയാണ്,” നായിഡുവിന്റെ അഭിഭാഷകനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.