പട്ന: ആ​​​ർ​​​ജെ​​​ഡി നേ​​​താ​​​വും മു​​​ൻ ബി​​​ഹാ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ ലാ​​​ലു​​​പ്ര​​​സാ​​​ദ് യാ​​​ദ​​​വിന്റെ കുടുംബത്തിന്റെ അധീനതയില്‍ ഉളളതെന്ന് ആരോപിക്കപ്പെടുന്ന 165 കോടിയുടെ വസ്തുവകകള്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ലാലുവിന്റെ കുടുംബത്തിനെതിരായ സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കുന്ന ആദായനികുതി വകുപ്പ് ഡല്‍ഹി, ബിഹാര്‍ എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ്, മകള്‍ മിസ ഭാരതി എന്നിവരുടെ പേരിലുളളതാണ് വസ്തുവകകളെന്നാണ് ആരോപിക്കപ്പെടുന്നത്. ബിഹാറിലെയും ഡല്‍ഹിയിലേയും സ്ഥലങ്ങളും ഡല്‍ഹിയിലെ വീടും തേജസ്വി യാദവിന്റെ ഉടമസ്ഥതയിലാണ്. ഫാം ഹൗസ് മിസ ഭാരതിയുടെ പേരിലാണെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു. ഡല്‍ഹിയിലെ വീട്, ഫാം ഹൗസ്, പട്നയിലും പുറത്തുമായി ഒന്നില്‍ കൂടുതല്‍ സ്ഥലങ്ങള്‍, ഷോപ്പിംഗ് മാള്‍ പണി നടക്കുന്ന 3.5 ഏക്കര്‍ സ്ഥലം എന്നിവയും കണ്ടുകെട്ടിയിട്ടുണ്ട്.

നികുതി വെട്ടിപ്പ്, അഴിമതി, ഭൂമിയിടപാട്, തുടങ്ങിയ കേസുകളില്‍ ലാലു യാദവ് കുടുംബത്തിലെ അഞ്ച് പേര്‍ ഇത് വരെ ആരോപണവിധേയരാണ്. നികുതി വെട്ടിക്കാനായി സ്വന്തം വിവരങ്ങള്‍ മറച്ചുവെച്ച് മറ്റുളളവരുടെ പേരില്‍ ഭൂമി വാങ്ങിയെന്ന് കുടുംബത്തിനെതിരെ ആദായനികുതി വകുപ്പ് ആരോപണം ഉന്നയിക്കുന്നു. തുടര്‍ന്ന് കുടുംബത്തിനെതിരെ കേസെടുത്ത അന്വേഷണ സംഘം കഴിഞ്ഞ മാസം തേജസ്വി യാദവിനേയും അമ്മയും മുന്‍ മുഖ്യമന്ത്രിയും ആയ രാബ്രി ദേവിയേയും ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണ് തങ്ങള്‍ക്കെതിരായ കേസും ആരോപണവും എന്നാണ് ലാലു പ്രസാദ് കുടുംബം ആരോപിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ