ചെന്നൈ: ട്രാഫിക് പൊലീസുകാരന്‍റെ മര്‍ദ്ദനത്തില്‍ മനംനൊന്ത് ടാക്സി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. എന്നാൽ ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബ പ്രശ്നമാണ് കാരണമെന്ന് പൊലീസ് പറുന്നു. പൊലീസിന്റെ മർർദ്ദനമേറ്റ യുവാവ് കടുത്ത മാനസികാഘാതത്തിലായിരുന്നുവെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്.

കുടുംബപ്രശ്നം മൂലം ആത്മഹത്യ ചെയ്തെന്ന കാരണം ചൂണ്ടിക്കാട്ടി യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് പൊലീസ് അവസാനിപ്പിച്ചതിന് പിന്നാലെയാണ് ബന്ധുക്കളും സുഹൃത്തുക്കളും രംഗത്ത് വന്നിരിക്കുന്നത്. ചെന്നൈയിൽ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായിരുന്നു രാജേഷ്. ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് ചെന്നൈ നഗരമധ്യത്തിൽ ട്രാഫിക്ക് പൊലീസ് ഇയാളെ മര്‍ദിച്ചത്.

വനിതാ യാത്രക്കാരിയ്ക്കായി കോയമ്പേട് സിഗ്നലിന് സമീപം കാത്തുനിന്ന രാജേഷിനോട് നിയമവിരുദ്ധമായ പാർക്കിങ് എന്നുപറഞ്ഞ് ട്രാഫിക് പൊലീസ് മർദ്ദിച്ചുവെന്നാണ് ആരോപണം. രാജേഷ് ഇതിനെതിരെ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞെങ്കിലും തുടരന്വേഷണം ഉണ്ടായില്ല.

തൊട്ടടുത്ത ദിവസം റെയിൽവെ ട്രാക്കിലാണ് രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കൾക്ക് രാജേഷിന്റെ മൊബൈൽ ലഭിച്ചിരുന്നു. എന്നാൽ ഇതിലുണ്ടായിരുന്ന ഫോട്ടോകളും വീഡിയോകളും അടക്കം എല്ലാം മായ്ച്ച് കളഞ്ഞ നിലയിലായിരുന്നു. ഇതേ തുടർന്ന് ഫോൺ വിദഗ്ദ്ധർക്ക് കൈമാറിയ ബന്ധുക്കൾ ഫയലുകളെല്ലാം റിസ്റ്റോർ ചെയ്തു. ഇതിൽ ആത്മഹത്യയ്ക്ക് മുൻപ് പകർത്തിയ വീഡിയോയും ഉണ്ടായിരുന്നു.

ആത്മഹത്യയുടെ കാരണം വെളിച്ചത്ത് വരാതിരിക്കാൻ പൊലീസ് വീഡിയോ ഡിലീറ്റ് ചെയ്തതാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത് വന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook