ന്യൂഡൽഹി: തത്കാൽ ടിക്കറ്റുകൾ ഉൾപ്പെടെയുള്ള ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിലെ തട്ടിപ്പുകൾ തടയുന്നതിന് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) പുതിയ നടപടികൾ സ്വീകരിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി. ലോക്സഭയിൽ ഉയർന്ന ചോദ്യത്തിനാണ് മന്ത്രി പീയുഷ് ഗോയൽ ഇക്കാര്യം അറിയിച്ചത്. ട്രെയിൻ യാത്രക്കാർക്ക് പെട്ടെന്നുളള യാത്രകൾക്ക് സഹായമേകുന്നതിനാണ് തത്കാൽ ട്രെയിൻ ടിക്കറ്റ് സംവിധാനം ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ചത്. ഓരോ വർഷവും തത്കാൽ ടിക്കറ്റുകളിലൂടെ കോടികളുടെ വരുമാനമാണ് റെയിൽവേയ്ക്ക് കിട്ടുന്നത്.
Read Also: IRCTC Tatkal Ticket Bookings: ഐആർസിടിസി തത്കാൽ ടിക്കറ്റ് ബുക്കിങ്, അറിയേണ്ടതെല്ലാം
> രാവിലെ 10 മുതൽ 12 വരെ ഒരാൾക്ക് ബുക്ക് ചെയ്യാവുന്ന തത്കാൽ ടിക്കറ്റുകളുടെ എണ്ണം 2 ആക്കി
> തത്കാൽ ടിക്കറ്റ് ബുക്കിങ്ങിന് റാൻഡം സെക്യൂരിറ്റി ചോദ്യം അവതരിപ്പിച്ചു
> റീട്ടെയിൽ സേവന ദാതാക്കൾക്ക് (ഏജന്റുമാർ) ഒരു ട്രെയിനിൽ പ്രതിദിനം ഒരു തത്കാൽ ടിക്കറ്റ് മാത്രം
> മൊബൈൽ നമ്പരിലും ഇ-മെയിൽ ഐഡിയിലും ഒരു ഐആർസിടിസി ഉപയോക്തൃ ഐഡി മാത്രം സൃഷ്ടിക്കുന്നതിനുള്ള നിയന്ത്രണം.
> ഒരു മാസം ഒരാൾക്ക് ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം 6 ആയി നിജപ്പെടുത്തി. ആധാർ നമ്പറുമായി ഐആർസിടിസി യൂസർ ഐഡി ലിങ്കുചെയ്‌തിട്ടുളള ഉപയോക്താക്കൾക്ക് ഇത് പ്രതിമാസം 12 എണ്ണമാക്കി ഉയർത്തി
> രാവിലെ 8 നും 12 നും ഇടയ്ക്ക് മടക്ക/മുന്നോട്ടുളള യാത്രകൾക്ക് ഒഴികെ ഒരു യൂസർ ലോഗിൻ സെഷനിൽ ബുക്ക് ചെയ്യാവുന്ന ടിക്കറ്റിന്റെ എണ്ണം 1 ആക്കി
> ഓട്ടോമേഷൻ സോഫ്റ്റ്‌വെയർ വഴി വ്യാജ ബുക്കിങ് പരിശോധിക്കുന്നതിനായി രജിസ്ട്രേഷൻ, ലോഗിൻ, ബുക്കിങ് പേജ് എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിൽ ഡൈനാമിക് CAPTCHA കൊണ്ടുവന്നു
> അഡ്വാൻസ് റിസർവേഷൻ പിരീഡ് (എആർപി) ബുക്കിങ്ങും തത്കാൽ ബുക്കിങ്ങും ആരംഭിച്ച് ആദ്യത്തെ 15 മിനിറ്റിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഐആർസിടിസിയുടെ അംഗീകൃത ഏജന്റുമാർക്ക് നിയന്ത്രണം
> അനധികൃതമായി റെയിൽവേ ടിക്കറ്റുകൾ വാങ്ങുകയും വിതരണം ചെയ്യുകയും ചെയ്യുന്ന വ്യക്തികൾ / ഏജൻസികൾക്കെതിരെ റെയിൽവേ ആക്ടിന്റെ 143 സെഷൻ പ്രകാരം കേസെടുക്കും