scorecardresearch
Latest News

എയര്‍ ഇന്ത്യ-വിസ്താര ലയനം പ്രഖ്യാപിച്ച് ടാറ്റ സണ്‍സ്; സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 25.1 ശതമാനം ഓഹരി

എയര്‍ ഇന്ത്യ, വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ ഉള്‍പ്പെടുന്ന വിപുലീകൃത എയര്‍ ഇന്ത്യ ഗ്രൂപ്പിലായിരിക്കും എസ് ഐ എ 25.1 ശതമാനം ഓഹരി കയ്യാളുക

എയര്‍ ഇന്ത്യ-വിസ്താര ലയനം പ്രഖ്യാപിച്ച് ടാറ്റ സണ്‍സ്; സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 25.1 ശതമാനം ഓഹരി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയും വിസ്താരയും തമ്മിലുള്ള ലയനം പ്രഖ്യാപിച്ച് സിംഗപ്പൂര്‍ എയര്‍ലൈന്‍സും (എസ് ഐ എ) ടാറ്റ സണ്‍സും. ലയനത്തിനുശേഷമുള്ള കമ്പനിയില എയര്‍ ഇന്ത്യയിലെ 2,058.5 കോടി രൂപയുടെ നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ 25.1 ശതമാനം ഓഹരിയാണ് എസ് ഐ എ കൈവശം വയ്ക്കുക.

എയര്‍ ഇന്ത്യ, വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ ഉള്‍പ്പെടുന്ന വിപുലീകൃത എയര്‍ ഇന്ത്യ ഗ്രൂപ്പിലായിരിക്കും എസ് ഐ എയ്ക്ക് 25.1 ശതമാനം ഓഹരി ലഭിക്കുക. ബന്ധപ്പെട്ട ഏജന്‍സികളുടെ അനുമതികള്‍ക്കു വിധേയമായി ഈ വിമാനക്കമ്പനികളുടെയും ലയനം 2024 മാര്‍ച്ചോടെ പൂര്‍ത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസും എയര്‍ ഏഷ്യ ഇന്ത്യയും തമ്മില്‍ ലയിപ്പിച്ച് ബജറ്റ് എയര്‍ലൈന്‍ കമ്പനിയായി ഇതിനകം പ്രവര്‍ത്തിക്കുന്നുണ്ട്.

”സെപ്റ്റംബര്‍ 30 വരെയുള്ള നീക്കിയിരുപ്പായ 17.5 ബില്യണ്‍ സിംഗപ്പൂര്‍ ഡോളര്‍ ഉപയോഗിച്ചാണ് എയര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ എസ് ഐ എ ഉദ്ദേശിക്കുന്നത്. വിപുലീകരിച്ച എയര്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമെങ്കില്‍ 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ കൂടുതല്‍ മൂലധന നിക്ഷേപം നടത്താന്‍ എസ് ഐ എയും ടാറ്റയും ധാരണയിലെത്തിയിട്ടുണ്ട്. ലയനത്തെത്തുടര്‍ന്നുള്ള എസ് ഐ എയുടെ 25.1 ശതമാനം ഓഹരി വിഹിതം പൂര്‍ത്തിയാകുന്ന മുറയ്ക്ക് അധിക മൂലധന നിക്ഷേപ വിഹിതം 5020 കോടി രൂപ (615 മില്യണ്‍ ഡോളര്‍) വരെയാകാം,” എസ് ഐ എ പ്രസ്താവനയില്‍ പറഞ്ഞു.

വിപുലീകരിച്ച എയര്‍ ഇന്ത്യയുടെ ബിസിനസ് പദ്ധതിയുടെ പുരോഗതിയും മറ്റു നിക്ഷേപ സാധ്യതകളിലേക്കുള്ള പ്രവേശനവും ഉള്‍പ്പെടെയുള്ള ഘടകങ്ങളെ ആശ്രയിച്ചിരിക്കും യഥാര്‍ത്ഥ തുക. നീക്കിയിരിപ്പ് തുക ഉപയോഗിച്ച് അധിക മൂലധന നിക്ഷേപത്തിന് എസ് ഐ എ ഉദ്ദേശിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു. 2024-ഓടെ ലയനം പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണു ചര്‍ച്ച നടക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് സെപ്റ്റംബര്‍ 21ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

”ഈ ഇടപാടിലൂടെ, ടാറ്റയുമായുള്ള എസ് ഐ എയുടെ പങ്കാളിത്തം ശക്തിപ്പെടുത്തുകയും വിസ്താരയെ അപേക്ഷിച്ച് നാലോ അഞ്ചോ മടങ്ങ് വലിപ്പമുള്ള ഒരു കമ്പനിയില്‍ തന്ത്രപരമായ ഓഹരി ഉടനടി സ്വന്തമാക്കുകയും ചെയ്യും. ലയനം എസ് ഐ എയുടെ ഇന്ത്യയിലെ സാന്നിധ്യം വര്‍ധിപ്പിക്കുകയും മള്‍ട്ടി-ഹബ് തന്ത്രം ശക്തിപ്പെടുത്തുകയും ചെയ്യും. കൂടാതെ, വലുതും അതിവേഗം വളരുന്നതുമായ ഒരു വ്യോമയാന വിപണിയില്‍ നേരിട്ടു പങ്കെടുക്കുന്നതു തുടരാന്‍ സാധ്യമാക്കുകയും ചെയ്യും,” എസ് ഐ എ കൂട്ടിച്ചേര്‍ത്തു.

”ഇന്ത്യയിലെ ഏറ്റവും സ്ഥാപിതവും ആദരണീയവുമായ പേരുകളിലൊന്നാണു ടാറ്റ സണ്‍സ്. 2013-ല്‍ വിസ്താര സ്ഥാപിക്കാനുള്ള ഞങ്ങളുടെ സഹകരണം വിപണിയില്‍ മുന്‍നിരയിലുള്ള ഒരു ഫുള്‍-സര്‍വീസ് കാരിയറിനു കാരണമായി. അത് ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി ആഗോള അംഗീകാരങ്ങള്‍ നേടി. ഈ ലയനത്തോടെ ടാറ്റയുമായുള്ള ഞങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലാക്കാനും ഇന്ത്യയുടെ വ്യോമയാന വിപണിയിലെ ആവേശകരമായ പുതിയ വളര്‍ച്ചാ ഘട്ടത്തില്‍ നേരിട്ടു പങ്കാളികളാകാനും അവസരമൊരുങ്ങുകയാണ്,” സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഗോ ചൂന്‍ ഫോങ് പ്രസ്താവനയില്‍ പറഞ്ഞു.

”വിസ്താര-എയര്‍ ഇന്ത്യ ലയനം എയര്‍ ഇന്ത്യയെ ഒരു യഥാര്‍ത്ഥ ലോകോത്തര വിമാനക്കമ്പനിയാക്കാനുള്ള ഞങ്ങളുടെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഓരോ ഉപഭോക്താവിനും ഓരോ തവണയും മികച്ച ഉപഭോക്തൃ അനുഭവം നല്‍കുകയെന്ന ലക്ഷ്യത്തോടെ ഞങ്ങള്‍ എയര്‍ ഇന്ത്യയെ മാറ്റുകയാണ്. പരിവര്‍ത്തനത്തിന്റെ ഭാഗമായി, എയര്‍ ഇന്ത്യ അതിന്റെ ശൃംഖലയും വിമാനങ്ങളും വര്‍ധപ്പിക്കുന്നതിലും ഉപഭോക്തൃ നിര്‍ദേശങ്ങള്‍ നവീകരിക്കുന്നതിലും സുരക്ഷ, വിശ്വാസ്യത, കൃത്യസമയത്ത് പ്രകടനം എന്നിവ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളിലുടനീളം ഫുള്‍-സര്‍വിസും കുറഞ്ഞ നിരക്കിലുള്ള സര്‍വിസും ലഭ്യമാക്കുന്ന ശക്തമായൊരു എയര്‍ ഇന്ത്യ സൃഷ്ടിക്കുന്നതിനുള്ള അവസരത്തില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ തുടര്‍ച്ചയായ പങ്കാളിത്തത്തിനു ഞങ്ങള്‍ നന്ദി പറയുന്നു,” ടാറ്റ സണ്‍സ് ചെയര്‍മാന്‍ നടരാജന്‍ ചന്ദ്രശേഖരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Tata to consolidate air india and vistara