scorecardresearch
Latest News

‘പ്രതികരണം വളരെ വേഗത്തിൽ വേണമായിരുന്നു’; എയര്‍ ഇന്ത്യ വിമാനത്തില്‍ മൂത്രമൊഴിച്ച സംഭവത്തില്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍

സാഹചര്യത്തെ കൈകാര്യം ചെയ്യേണ്ടിയിരുന്ന രീതിയില്‍ തങ്ങള്‍ക്കു പരാജയം സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു

‘പ്രതികരണം വളരെ വേഗത്തിൽ വേണമായിരുന്നു’; എയര്‍ ഇന്ത്യ വിമാനത്തില്‍ മൂത്രമൊഴിച്ച സംഭവത്തില്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിൽ മദ്യപിച്ചുലക്കുകെട്ട യാത്രക്കാരന്‍ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തോട് പ്രതികരിച്ച് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍. സംഭവം തനിക്കും എയര്‍ ഇന്ത്യയിലെ സഹപ്രവര്‍ത്തകര്‍ക്കും വ്യക്തിപരമായി വേദനയുണ്ടാക്കിയ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

”എയര്‍ഇന്ത്യയുടെ എഐ102 വിമാനത്തില്‍ നവംബര്‍ 26-നുണ്ടായ സംഭവം എനിക്കും എയര്‍ ഇന്ത്യയിലെ എന്റെ സഹപ്രവര്‍ത്തകര്‍ക്കും വ്യക്തിപരമായ വേദനാജനകമായ വിഷയമാണ്. എയര്‍ ഇന്ത്യയുടെ പ്രതികരണം വളരെ വേഗത്തിലായിരിക്കണമായിരുന്നു. ഈ സാഹചര്യത്തെ കൈകാര്യം ചെയ്യേണ്ടുന്ന രീതിയില്‍ ഞങ്ങള്‍ക്കു പരാജയം സംഭവിച്ചു,” ചന്ദ്രശേഖരന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ടാറ്റ ഗ്രൂപ്പും എയര്‍ ഇന്ത്യയും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമായി പൂര്‍ണബോധ്യത്തോടെ നിലകൊള്ളുന്നു. അത്തരം അനിയന്ത്രിതമായ സംഭവങ്ങള്‍ തടയുന്നതിനോ പരിഹരിക്കുന്നതിനോ ഉള്ള എല്ലാ പ്രക്രിയകളും ഞങ്ങള്‍ അവലോകനം ചെയ്യുകയും മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ 26ന് എയര്‍ ഇന്ത്യയുടെ ന്യൂയോര്‍ക്ക്-മുംബൈ വിമാനത്തിലായിരുന്നു സംഭവം. മദ്യപിച്ച യാത്രക്കാരന്‍ ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയും എഴുപുതകാരിയുടെ ദേഹത്ത് മൂത്രമൊഴിക്കുകയുമായിരുന്നു. ബിസിനസ് ക്ലാസിലാണു സംഭവം നടന്നത്. തുടര്‍ന്നു നടപടിയൊന്നും എടുക്കാതെ വിമാനക്കമ്പനി അധികൃതര്‍ ആരോപണവിധേയനെ വിട്ടയയ്ക്കുകയായിരുന്നു. ഒരു മാസത്തിനു ശേഷം മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തപ്പോഴാണ് കാര്യം പുറത്തറിഞ്ഞത്.

മദ്യപിച്ചെത്തിയ സഹയാത്രികന്‍ തന്റെ മേല്‍ മൂത്രമൊഴിച്ചതായി ചൂണ്ടിക്കാട്ടി സ്ത്രീ ചന്ദ്രശേഖരന് കത്തയച്ചിരുന്നു.

”എന്റെ വസ്ത്രങ്ങളും ഷൂസും ബാഗും പൂര്‍ണമായും മൂത്രത്തില്‍ കുതിര്‍ന്നിരുന്നു. തുടര്‍ന്നു, വിമാനത്തിലെ പരിചാരികയെത്തി മൂത്രത്തിന്റെ മണം ബോധ്യപ്പെടുകയും ബാഗിലും ഷൂസിലും അണുനാശിനി തളിക്കുകയും ചെയ്തു. ബാഗില്‍ പാസ്‌പോര്‍ട്ടും യാത്രാ രേഖകളും കറന്‍സിയും മറ്റു സാധനങ്ങളുമുണ്ടായിരുന്നു. ഇവ പരിശോധിക്കുന്നതിനായി എന്നെ സഹായിക്കാന്‍ പരിചാരികയോട് ആവശ്യപ്പെട്ടു. അവള്‍ ആദ്യം ബാഗില്‍ തൊടാന്‍ വിസമ്മതിച്ചു. ഞാന്‍ ബാഗ് വൃത്തിയാക്കാന്‍ തുടങ്ങിയപ്പോള്‍, അവള്‍ സഹായിക്കാന്‍ തുടങ്ങി,” കത്തില്‍ പറയുന്നു.

”ഷൂസ് ബാത്ത്റൂമില്‍ പോയി സ്വയം വൃത്തിയാക്കാന്‍ എന്നോട് പരിചാരിക ആവശ്യപ്പെട്ടു. എനിക്ക് മാറാനായി ഒരു സെറ്റ് പൈജാമയും ഡിസ്പോസിബിള്‍ സ്ലിപ്പറുകളും അവര്‍ തന്നു. അതു മാറിയശേഷം ഏകദേശം 20 മിനിറ്റോളം ഞാന്‍ ടോയ്ലറ്റിനു സമീപം നിന്നു. സീറ്റ് മാറ്റ് മാറ്റിനല്‍കമെന്ന് ആവശ്യപ്പെട്ടെങ്കിലും ലഭ്യമല്ലെന്ന മറുപടിയാണു കിട്ടിയത്,”കത്തില്‍ പറയുന്നു.

സംഭവം കൈകാര്യം ചെയ്യുന്നതില്‍ എയര്‍ ഇന്ത്യയുടെ പെരുമാറ്റം ‘പ്രൊഫഷണല്‍ അല്ല’ എന്നും എയര്‍ലൈനിനും അതിന്റെ ഇന്‍-ഫ്‌ളൈറ്റ് സര്‍വീസ് ഡയറക്ടര്‍ക്കും വിമാനം പ്രവര്‍ത്തിപ്പിച്ച ജീവനക്കാര്‍ക്കും കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

സംഭവത്തില്‍ അറസ്റ്റിലായ മുംബൈ സ്വദേശിയായ യാത്രക്കാരന്‍ ശങ്കര്‍ മിശ്രയെ ഡല്‍ഹി കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ശനിയാഴ്ച വിട്ടിരുന്നു. സംഭവം വിവാദമായതോടെ ഒളിവില്‍ പോയ ഇയാളെ ബെംഗളുരുവില്‍നിന്നാണു ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.
അമേരിക്കന്‍ ധനകാര്യ സ്ഥാപനമായ വെല്‍സ് ഫാര്‍ഗോയിലെ ഉയര്‍ന്ന ജീവനക്കാരനായ ശങ്കര്‍ മിശ്രയെ കമ്പനി കഴിഞ്ഞദിവസം പിരിച്ചുവിട്ടിരുന്നു.

ഇതിനു പിന്നാലെ, എയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിലും സമാന സംഭവം നടന്നിരുന്നു. പാരീസ്-ഡൽഹി വിമാനത്തിൽ യാത്രക്കാരൻ സഹയാത്രികയുടെ പുതപ്പിൽ മൂത്രമൊഴിക്കുകയായിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Tata sons chairman n chandrasekaran reaction urinating air india flight