ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ ഇനി ടര്‍ക്കിഷ് എയര്‍ലൈന്‍സ് മുന്‍ ചെയര്‍മാന്‍ ഇല്‍ക്കര്‍ ഐസി നയിക്കും. അദ്ദേഹത്തെ എയര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായി ടാറ്റ ഗ്രൂപ്പ് നിയമിച്ചു. ഏപ്രില്‍ ഒന്നോടെ അദ്ദേഹം സ്ഥാനമേറ്റെടുക്കും.
കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാരില്‍നിന്ന് ഏറ്റെടുത്ത എയര്‍ ഇന്ത്യയുടെ നടത്തിപ്പിനായി പ്രവാസി മേധാവിയെ നിയമിക്കാനുള്ള ടാറ്റ ഗ്രൂപ്പിന്റെ പദ്ധതികള്‍ക്കനുസൃതമായാണു നിയമനം.
2015 മുതല്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ചെയര്‍മാനായിരുന്ന ഇല്‍ക്കര്‍ ഐസി ഈ വര്‍ഷം ജനുവരി 27നാണ് സ്ഥാനമൊഴിയുന്നത് പ്രഖ്യാപിച്ചത്. അതേദിവസമാണ് എയര്‍ ഇന്ത്യയെ ടാറ്റയ്ക്കു കേന്ദ്രസര്‍ക്കാര്‍ കൈമാറിയത്.
തുര്‍ക്കി പ്രസിഡന്റായ റെസെപ് തയ്യിപ് എര്‍ദോഗന്‍ ഇസ്താംബൂളിലെ മെട്രോപൊളിറ്റന്‍ മുനിസിപ്പാലിറ്റി മേയറായിരിക്കെ അദ്ദേഹത്തിന്റെ ഉപദേശകനായിരുന്നു ഐസി. ഈ സമയത്ത്, തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂളിലെ നിരവധി വികസന പദ്ധതികളുടെ ഭാഗമായിരുന്നു അദ്ദേഹം.
Also Read: ഹിജാബ് വിവാദം: കൂടുതൽ വാദത്തിനായി കേസ് നാളത്തേക്ക് മാറ്റി കര്‍ണാടക ഹൈക്കോടതി
”ഇല്‍ക്കര്‍ ഐസിയുടെ നിയമനം പരിഗണിക്കാന്‍ എയര്‍ ഇന്ത്യ ബോര്‍ഡ് ഇന്ന് ഉച്ചയ്ക്കു യോഗം ചേര്‍ന്നു. ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത യോഗം, ചര്‍ച്ചകള്‍ക്കു ശേഷം എയര്‍ ഇന്ത്യയുടെ സിഇഒയും എംഡിയുമായുള്ള ഇല്‍ക്കര്‍ ഐസിയുടെ നിയമനത്തിന് അംഗീകാരം നല്‍കി. ഈ നിയമനം ആവശ്യമായ റെഗുലേറ്ററി അംഗീകാരങ്ങള്‍ക്കു വിധേയമാണ്,” ടാറ്റ ഗ്രൂപ്പ് പ്രസ്താവനയില്‍ അറിയിച്ചു.
1971-ല്‍ ഇസ്താംബൂളില്‍ ജനിച്ച ഐസി ബില്‍കെന്റ് യൂണിവേഴ്സിറ്റിയുടെ പൊളിറ്റിക്കല്‍ സയന്‍സ് ആന്‍ഡ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍ വകുപ്പിലെ 1994-ലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്. 1995-ല്‍ യുകെയിലെ ലീഡ്സ് യൂണിവേഴ്സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ഗവേഷണം നടത്തിയ അദ്ദേഹം 1997-ല്‍ ഇസ്താംബൂളിലെ മര്‍മാര യൂണിവേഴ്സിറ്റിയില്‍നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് മാസ്റ്റേഴ്സ് പ്രോഗ്രാമും പൂര്‍ത്തിയാക്കി.
”ടര്‍ക്കിഷ് എയര്‍ലൈന്‍സിനെ നിലവിലെ വിജയത്തിലേക്കു നയിച്ച വ്യോമയാന വ്യവസായ നായകനാണ് ഇല്‍ക്കര്‍. എയര്‍ ഇന്ത്യയെ പുതിയ യുഗത്തിലേക്കു നയിക്കാന്‍ പോകുന്ന ടാറ്റ ഗ്രൂപ്പിലേക്ക് ഇല്‍ക്കറിനെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,” ചന്ദ്രശേഖരന്‍ പറഞ്ഞു.