ന്യൂഡല്‍ഹി: വിലയിലും രൂപത്തിലും ഇന്ത്യന്‍ വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച ചെറു കാറായിരുന്ന ടാറ്റ നാനോ ഇന്ത്യന്‍ നിരത്തുകളില്‍ നിന്നും ഒഴിയുന്നു. ഇന്ത്യയിലേക്കുളള കാറുകളുടെ ഉത്പാദനത്തിന് നിക്ഷേപം നടത്തുന്നത് നിര്‍ത്താന്‍ ടാറ്റ മോട്ടോഴ്‌സ് തീരുമാനിച്ചു. വിപണിയിലെ മോശം പ്രകടനമാണ് തീരുമാനത്തിന് പിന്നിലെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, കയറ്റുമതി തുടരും.
രത്തന്‍ ടാറ്റയുടെ സ്വപ്നപദ്ധതിയായ നാനോ 2008ലാണ് അവതരിപ്പിച്ചത്. ഒരു ലക്ഷം രൂപയോ അതിന് താഴെയോ മാത്രം വിലയുളള കാറിന്റെ വന്‍തോതിലുളള ഉത്പാദനമാണ് അദ്ദേഹം പദ്ധതിയിട്ടത്. വൈകാതെ നാനോ ആഗോളശ്രദ്ധ നേടുകയും ചെയ്തു. ഒരു ലക്ഷം രൂപയുടെ നാനോ കാര്‍ നിര്‍മാണശാലയ്‌ക്കായി 997 ഏക്കര്‍ ഭൂമി പശ്ചിമ ബംഗാളിലെ സിംഗൂരില്‍ സര്‍ക്കാര്‍ പാട്ടത്തിനേറ്റെടുത്ത് നല്‌കിയിരുന്നു.
ഇതില്‍ 600 ഓളം ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥരായ പതിനൊന്നായിരം കര്‍ഷകര്‍ സര്‍ക്കാരില്‍ നിന്ന് ഇതിന്റെ നഷ്ടപരിഹാരവും കൈപ്പറ്റി. എന്നാല്‍ പദ്ധതിയ്‌ക്കായി സര്‍ക്കാര്‍ വിട്ടു കൊടുത്ത നാനൂറേക്കര്‍ ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചു നല്‌കണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ നേതാവ് മമത പ്രക്ഷോഭമാരംഭിച്ചതോടെയാണ് പദ്ധതി അവതാളത്തിലാകുകയും പ്ലാന്റ് ഗുജറാത്തിലേക്ക് മാറ്റുകയും ചെയ്തു.
നാനോ അവതരിപ്പിച്ച് ഏകദേശം ഒരു പതിറ്റാണ് ആകുമ്പോഴാണ് മോശം പ്രകടനത്തെ തുടര്‍ന്ന് ആഭ്യന്തര വിപണികളില്‍ നിന്നും പിന്‍വലിക്കുന്നത്. ടാറ്റയുടെ സെഗ്മെന്റിലെ ഏറ്റവും മോശം പ്രകടനം കാഴ്ച്ചവെച്ച കാറും നാനോയാണ്. വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ വര്‍ഷത്തില്‍ 2,50,000 കാറുകളാണ് വിറ്റുപോകേണ്ടതെന്നാണ് കമ്പനിയുടെ ലക്ഷ്യം. എന്നാല്‍ ലക്ഷ്യമിട്ടതിന്റെ പത്തിലൊന്ന് മാത്രമാണ് വില്‍പന നടക്കുന്നതെന്നാണ് വിവരം. അതായത് 2015 ഒക്ടോബറിനും 2016 സെപ്റ്റംബറിനും ഇടയില്‍ 14,150 കാറുകള്‍ മാത്രമാണ് വിറ്റുപോയത്.
കഴിഞ്ഞ ജൂണില്‍ വെറും 481 കാറുകള്‍ മാത്രമാണ് വിറ്റുപോയതെന്നും റിപ്പോര്‍ട്ടുണ്ട്. മാത്രമല്ല വിദേശ കയറ്റുമതിയിലും കാര്‍ മോശം പ്രകടനം തന്നെയാണ് കാഴ്ച്ചവെക്കുന്നത്. 2015-2016 സാന്പത്തിക കാലയളവില്‍ വെറും 595 കാറുകള്‍ മാത്രമാണ് വിറ്റുപോയത്. കൂടാതെ 2020ഓടെ ബിഎസ് ഫോര്‍ പതിപ്പുകളിലേക്ക് മാറേണ്ടതിന്റെ സങ്കീര്‍ണതയും കണക്കിലെടുത്താണ് ഉത്പാദനം നിര്‍ത്താന്‍ തീരുമാനിച്ചത്.