ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഔദ്യോഗികമായി ഏറ്റെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാറ്റ സണ്‍സ് ചെയര്‍മാന്‍ നടരാജന്‍ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു കൈമാറ്റം.
എയര്‍ ഇന്ത്യയുടെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായതില്‍ തികച്ചും സന്തുഷ്ടനാണെന്ന് നടരാജന്‍ പറഞ്ഞു. 69 വര്‍ഷത്തിനുശേഷമാണ് എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന്റെ കൈകളിലേക്കു തിരിച്ചെത്തുന്നത്.
ലേല നടപടികള്‍ പൂര്‍ത്തിയാക്കി, ഒക്‌ടോബര്‍ എട്ടിനാണ് എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ടാലേസ് പ്രൈവറ്റ് ലിമിറ്റഡിനു കേന്ദ്രസര്‍ക്കാര്‍ വിറ്റത്. 18,000 കോടി രൂപയ്ക്കായിരുന്നു വില്‍പ്പന.
എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും കൈമാറാനുള്ള സന്നദ്ധത സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ 2021 ഒക്ടോബര്‍ 11നു ടാറ്റ ഗ്രൂപ്പിന് ലെറ്റര്‍ ഓഫ് ഇന്റന്റ് നല്‍കിയിരുന്നു. കൈമാറ്റത്തിനുള്ള സമയപരിധി ഡിസംബര്‍ അവസാനമാണ് ആ സമയത്ത് നിശ്ചയിച്ചിരുന്നത്. എന്നാല്‍, ആഗോള റെഗുലേറ്റര്‍മാരില്‍നിന്നുള്ള വിവിധ അനുമതികള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കുന്നതു വൈകിയതിനാല്‍ കൈമാറ്റത്തിനുള്ള സമയപരിധി ജനുവരി അവസാനം വരെ നീട്ടുകയായിരുന്നു.
Also Read: മുതിര്‍ന്നവരിലെ ഉപയോഗം: കോവിഷീല്‍ഡും കോവാക്‌സിനും ഇനി പൊതുവിപണിയിലും
1953ല്‍ തങ്ങളില്‍നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത് ദേശസാല്‍ക്കരിച്ച എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ് പ്രമോട്ടര്‍ അജയ് സിങ്ങിനെ മറികടന്നാണ് ടാറ്റ ഗ്രൂപ്പ് തിരിച്ചുപിടിച്ചത്. അജയ് സിങ് കണ്‍സോര്‍ഷ്യം 15,100 കോടി രൂപയാണ് ലേലം വിളിച്ചത്.
എയര്‍ ഇന്ത്യയുടെ ആസ്തികള്‍ക്കൊപ്പം 15,300 കോടി രൂപയുടെ കടബാധ്യതയും ടാറ്റ ഏറ്റെടുത്തിട്ടുണ്ട്. 2,700 കോടി രൂപ സര്‍ക്കാരിനു പണമായി നല്‍കും. എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരിക്കൊപ്പം ബജറ്റ് എയര്‍ലൈന്‍സായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരിയും എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയും ടാറ്റ ഏറ്റെടുത്തു.
എയര്‍ ഇന്ത്യ വില്‍ക്കാനുള്ള മൂന്നാമത്തെ ശ്രമമാണ് വിജയത്തില്‍ കലാശിച്ചത്. 2001, 2018 വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ നടത്തിയ രണ്ട് ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. എയര്‍ ഇന്ത്യ പ്രതിസന്ധി ചര്‍ച്ചചെയ്യുന്നതിനായി രൂപീകകരിച്ച് എയര്‍ ഇന്ത്യ സ്‌പെസിഫിക് ആള്‍ട്ടര്‍നേറ്റ് മെക്കാനിസം (എഐഎസഎം) ആണ് എയര്‍ലൈനിന്റെ ഓഹരി വിറ്റഴിക്കല്‍ സംബന്ധിച്ച് തീരുമാനമെടുത്തത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള എഐഎസ്എമ്മില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍, വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ അംഗങ്ങളാണ്.
എയര്‍ ഇന്ത്യയെ ലേലത്തില്‍ പിടിച്ചതിലുള്ള സന്തോഷം രത്തന്‍ ടാറ്റ നേരത്തെ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ‘വെല്‍ക്കം ബാക്ക് എയര്‍ ഇന്ത്യ’ എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.