ന്യൂഡല്‍ഹി: ആവശ്യമില്ലാതിരുന്നിട്ടും ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ഡല്‍ഹിയിലെ അപ്പോളോ ആശുപത്രി തന്നെ നിര്‍ബന്ധിച്ചതായി എഴുത്തുകാരി തസ്ലീമ നസ്രീന്‍. തസ്ലീമ ട്വിറ്ററില്‍ നടത്തിയ ആരോപണം ആശുപത്രി നിഷേധിച്ചു.
കാല്‍മുട്ട് വേദനയുമായി ആശുപത്രിയിലെത്തിയ തന്നോട് എക്സ്-റേ, സിടി ഫലങ്ങള്‍ സംബന്ധിച്ച് ഡോക്ടര്‍മാര്‍ കള്ളം പറയുകയും പകരം മൊത്തം ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയമാക്കുകയും ചെയ്തതായി തസ്ലീമ ജനുവരി 31 നു ട്വീറ്റുകളുടെ പരമ്പരയില്‍ ആരോപിച്ചു.
”സമ്പൂര്‍ണ ഇടുപ്പ് മാറ്റിവയ്ക്കലിന്റെ സങ്കീര്‍ണതകള്‍ കാരണം ഞാന്‍ മരിച്ചാല്‍, (ഡോക്ടര്‍) അല്ലാതെ മറ്റാരും ഉത്തരവാദികളല്ല. മുട്ടുവേദനയുമായി അപ്പോളോ ആശുപത്രിയിലെത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം എന്നെ പൂര്‍ണ ഇടുപ്പ് മാറ്റിവയ്ക്കലിനു വിധേയമാക്കി. അതിപ്പോഴും ഒരു പേടിസ്വപ്നമാണ്. എക്‌സ്‌റേയിലെയും സിടിയിലെയും കണ്ടെത്തലുകളെക്കുറിച്ച് അദ്ദേഹം എന്നോട് കള്ളം പറഞ്ഞു,”തസ്ലീമ ഒരു ട്വീറ്റില്‍ പറഞ്ഞു. എയിംസില്‍ പോകാത്തതില്‍ ഖേദമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
”തീര്‍ത്തും ആവശ്യമില്ലാത്ത പൂര്‍ണ ഇടുപ്പ് മാറ്റിവയ്ക്കലിനായി അവര്‍ എന്നെ നിര്‍ബന്ധിച്ചപ്പോള്‍ അപ്പോളോയില്‍നിന്നു പോരാത്തതില്‍ ഞാന്‍ ഖേദിക്കുന്നു. എയിംസില്‍ പോകാതിരുന്നതില്‍ ഖേദിക്കുന്നു. ഡോക്ടര്‍മാരെ അന്ധമായി വിശ്വസിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു. എനിക്ക് ചിന്തിക്കാനോ മറ്റൊരു അഭിപ്രായം തേടാനോ അവര്‍ സമയം നല്‍കാതിരുന്നപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്നതില്‍ ഖേദിക്കുന്നു. ഞാന്‍ ഖേദിക്കുന്നു,”തസ്ലീമ പറഞ്ഞു.
ആരോപണം സംബന്ധിച്ച് പ്രതികരണത്തിനായി തസ്ലീമ നസ്രീനെ ഇന്ത്യന്‍ എക്‌സ്പ്രസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമല്ലായില്ല.
അതേസമയം, തസ്ലീമയുടെ ആരോപണം അപ്പോളോ ഹോസ്പിറ്റല്‍ നിഷേധിച്ചു. വീഴ്ചയെത്തുടര്‍ന്നു നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണു രോഗി ആശുപത്രിയിലെത്തിയതെന്നും ആരോഗ്യസ്ഥിതിയും പ്രായവും കണക്കിലെടുത്ത് ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ശിപാര്‍ശ ചെയ്യുകയായിരുന്നുവെന്നും ആശുപത്രി പ്രസ്താവനയില്‍ പറഞ്ഞു.
”ചികിത്സിച്ച ഡോക്ടര്‍ ഈ രംഗത്ത് വിദഗ്ധനും മൂന്നു പതിറ്റാണ്ടിലേറെ പരിചയമുള്ളയാളുമാണ്. നിര്‍ദേശിച്ച ഡയഗ്‌നോസ്റ്റിക്, വര്‍ക്ക് അപ്പ് ടൂളുകള്‍ ഉപയോഗിച്ച് രോഗനിര്‍ണയം നടത്തി. അവരുടെ ആരോഗ്യസ്ഥിതിയും പ്രായവും കണക്കിലെടുത്ത് ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശിപാര്‍ശ ചെയ്തു. ഇതു രോഗി ഔപചാരികമായി സമ്മതിച്ചതിനെത്തുടര്‍ന്നു ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി പ്രോട്ടോക്കോള്‍ പ്രകാരം ഡിസ്ചാര്‍ജ് ചെയ്തു.”അപ്പോളോ ആശുപത്രി പറഞ്ഞു.
”പൂര്‍ണവും സുരക്ഷിതവുമായ ആരോഗ്യം വീണ്ടെടുക്കാന്‍ ഫിസിയോതെറാപ്പി ഉള്‍പ്പെടെയുള്ളവ തുടരാന്‍ ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ രോഗിയെ ഉപദേശിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍, ഇതു പാലിക്കപ്പെടുന്നില്ല. ദേശീയ, അന്തര്‍ദേശീയ കണ്ടെത്തലുകള്‍ അടിസ്ഥാനമാക്കിയുള്ള പ്രോട്ടോക്കോളുകള്‍ പ്രകാരമുള്ള ചികിത്സാ ഉപദേശം തുടരാന്‍ ഞങ്ങള്‍ അവരോട് ശക്തമായി അഭ്യര്‍ഥിക്കുന്നു,” ആശുപത്രി പ്രസ്താവനയില്‍ പറഞ്ഞു.