ന്യുഡൽഹി: ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായ് മുൻ എൻസിപി നേതാവ് താരീക് അൻവർ കോൺഗ്രസിലേക്ക്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് താരീക് അൻവറും അനുയായികളും കോൺഗ്രസിൽ ചേർന്നത്.

റഫേൽ ഇടപാടുമായ് ബന്ധപ്പെട്ട് എൻസിപി അധ്യക്ഷൻ ശരദ് പവാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായ് നിലപാടെടുത്തതിനെ തുടർന്ന് സെപ്തംബർ 28ന് താരീക് അൻവർ എൻസിപി വിട്ടിരുന്നു.ഇതിനെ തുടർന്ന് കോൺഗ്രസിൽ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.1999-ൽ ശരദ് പവാറിനൊപ്പമാണ് താരീക് അൻവർ കോൺഗ്രസ് വിട്ടത്.

അടുത്തിടെ ഒരു മറാഠി ചാനലിന് നൽകിയ അഭിമുഖത്തിൽ ശരദ് പവാർ നരേന്ദ്ര മോദി റഫേൽ ഇടപാടിൽ നരേന്ദ്ര മോദി കുറ്റക്കാരനല്ലെന്ന് പറഞ്ഞത് തന്നെ വേദനിപ്പിച്ചതിനെ തുടർന്നാണ് താൻ എൻസിപി വിടുന്നതെന്ന് താരീക് അൻവർ പ്രതികരിച്ചു.പവാറിന് ബിജെപിയോടും ,മോദിയോടും ആഭിമുഖ്യമുണ്ടെന്നും താരീക് അൻവർ പ്രതികരിച്ചു.

ബിജെപിക്കെതിരെയും പ്രധാനമന്ത്രിക്കുമെതിരെയും ശക്തമായി പ്രതിഷേധങ്ങൾ നടത്തുമ്പോൾ ഇതുപോലെയുള്ള പ്രതികരണങ്ങൾ ഈ പ്രതിഷേധങ്ങളെ തളർത്തും. ഇത് അനുവദിക്കാനാവില്ല. എൻസിപി എല്ലാ കാലത്തും മതേതര നിലപാടാണ് സ്വീകരിച്ചിരുന്നത്.അതിനാൽ ബിജെപിയോട് മൃദുസമീപനം പാടില്ലെന്നും താരീക് അൻവർ പ്രതികരിച്ചു

എന്നാൽ ഈ ആരോപണങ്ങളെ ശരദ് പവാർ തള്ളി കളഞ്ഞു.താൻ ഒരിക്കലും മോദി അനുകൂലിയാകിലെന്നും, ചില ആളുകൾ അത്തരത്തിൽ നടത്തുന്ന പ്രചരണങ്ങളെ തള്ളികളയുനെന്നും ശരദ് പവാർ പറഞ്ഞു.

താരീക് അൻവറിന്റെ കോൺഗ്രസ് പ്രവേശനത്തിന്റെ ചിത്രങ്ങൾ കോൺഗ്രസ് ട്വിറ്ററിൽ പങ്ക് വച്ചിരുന്നു.

എൻസിപിയിലേക്ക് കൂടുമാറുന്നതിന് മുൻപ് ബീഹാറിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്നു താരീക് അൻവർ. 1980-ൽ ബീഹാറിലെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിട്ട് ചുമതല വഹിച്ചിട്ടുണ്ട്.നിരവധി തവണ കയ്തർ മണ്ഡലത്തിൽ നിന്നും ജയിച്ചു പാർലെമെന്റിൽ എത്തിയിട്ടുണ്ട്. രണ്ടാം യുപിഎ സർക്കാരിൽ മന്ത്രി സ്ഥാനം എന്നിവ വഹിച്ച താരീക് അൻവറിന്റെ രംഗപ്രവേശം പ്രതീക്ഷയോടെയാണ് കോൺഗ്രസ് വൃത്തങ്ങൾ നോക്കി കാണുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook