ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അധിക ഇറുമതി തീരുവ ഈടാക്കുന്ന നടപടിക്കെതിരെയാണ് ട്രംപ് വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാന്‍ സാധിക്കാത്ത നടപടിയാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നാളുകളായി ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്ന നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ട്രംപ് പറഞ്ഞു.
ഒസാക്കയില്‍ വച്ച് നടന്ന ജി-20 ഉച്ചകോടിയിലും ട്രംപ് ഇക്കാര്യം ഉന്നയിച്ചിരുന്നു. ഉയര്‍ന്ന തീരുവ നിരക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഉച്ചകോടിയില്‍ വച്ചാണ് മോദി പറഞ്ഞത്.
India has long had a field day putting Tariffs on American products. No longer acceptable!
— Donald J. Trump (@realDonaldTrump) July 9, 2019
ഇന്ത്യയ്ക്ക് നല്‍കിയിരുന്ന വ്യാപാര മുന്‍ഗണനാപദവി അമേരിക്ക പിന്‍വലിച്ചതിന് പിന്നാലെയാണ് 28 അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഇന്ത്യ വര്‍ധിപ്പിച്ചത്.
അമേരിക്കന്‍ ഉത്പന്നങ്ങൾക്ക് ഈടാക്കുന്ന തീരുവ വര്‍ധിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയനും ചൈനയും തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും തീരുവ വർധിപ്പിക്കാനുള്ള തീരുമാനമെടുത്തത് . ആപ്പിള്‍, ബദാം, വെള്ളക്കടല, പരിപ്പ് തുടങ്ങിയ 30ഓളം ഉത്പന്നങ്ങളാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പട്ടികയിലുള്ളത്. ഇതോടൊപ്പം ഇരുമ്പുരുക്ക് ഉത്പന്നങ്ങള്‍ക്കും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിട്ടുണ്ട്. പട്ടികയിലുള്ള ഭൂരിപക്ഷം ഉത്പന്നങ്ങളുടെയും പുതിയ നികുതി നിരക്ക് പ്രാബല്യത്തില്‍ വന്നു. ഏതാനും ചില ഉത്പന്നങ്ങളുടെ പുതിയ നിരക്ക് ആഗസ്റ്റ് നാല് മുതലായിരിക്കും ഈടാക്കുക.