തനുശ്രീ ദത്ത നല്‍കിയ ലൈംഗികാതിക്രമ പരാതിയുടെ അടിസ്ഥാനത്തില്‍ നാനാ പടേക്കർക്ക് മുംബൈ പൊലീസിന്റെ ക്ലീൻ ചിറ്റ്. തെളിവുകളുടെ അഭാവത്തിലാണ് ബോളിവുഡ് താരത്തിന് ക്ലീൻ ചിറ്റ് നൽകിയത്. തനുശ്രീ ദത്തയുടെ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസന്വേഷണം മുംബൈ പൊലീസ് അവസാനിപ്പിച്ചു. നാനാ പടേക്കറിനെതിരെ തെളിവുകളില്ലെന്ന് പൊലീസ് കോടതിയില്‍ അറിയിക്കുകയും ചെയ്തു.
ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ സെറ്റില്‍ വെച്ച് നാനാ പടേക്കര്‍ മോശമായി പെരുമാറിയെന്നായിരുന്നു തനുശ്രീയുടെ പരാതി. 2008ലാണ് പരാതിക്ക് ആസ്പതമായ സംഭവം നടക്കുന്നത്. യഥാർത്ഥ സാക്ഷികളെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കി, വ്യാജസാക്ഷികളെ ഉപയോഗിച്ച് കേസ് ദുർബലപ്പെടുത്തുകയായിരുന്നെന്ന് തനുശ്രീ പ്രതികരിച്ചു.
“അഴിമതിക്കാരായ പൊലീസ് ഉദ്യോഗസ്ഥരും നിയമ വ്യവസ്ഥയും കൂടുതൽ അഴിമതിക്കാരനായ നാന പടേക്കർ എന്നൊരാൾക്ക് ക്ലീൻ ചീറ്റ് നൽകിയിരിക്കുന്നത്. സിനിമ മേഖലയിലെ ഒരുപാട് സ്ത്രീകളെ ലൈംഗികാതിക്രമം നടത്തിയ വ്യക്തിയാണ് നാന പടേക്കർ” തനുശ്രീ ആരോപിച്ചു.
ചിത്രത്തിലെ ഒരു ഗാനചിത്രീകരണത്തിനിടെ നാന പടേക്കര്‍ തന്‍റെ കൈയില്‍ കടന്നുപിടിച്ചെന്നും നൃത്തം ചെയ്യേണ്ട രീതി ഇതാണെന്ന് പറഞ്ഞ് കാണിച്ചുതന്നുവെന്നും തനുശ്രീ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്. നാന പടേക്കര്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സ്വന്തം മോശം പ്രവര്‍ത്തികള്‍ക്ക് മറയാക്കാന്‍ അദ്ദേഹം ചെയ്യുന്നതാണെന്നും തനുശ്രീ ആരോപിച്ചിരുന്നു.
ഒരു പതിറ്റാണ്ട് മുൻപ് അഭിനയജീവിതം ഉപേക്ഷിച്ച് അമേരിക്കയിലേക്ക് താമസം മാറിയ തനുശ്രീ പത്തു വർഷങ്ങൾക്കു ശേഷമാണ് ഇത്തരമൊരു തുറന്നു പറച്ചിലുമായി രംഗത്തു വരുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് സാമീ സിദ്ദിക്കി, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവര്‍ക്ക് ഈ വിഷയം അറിയാമായിരുന്നുവെങ്കിലും അവര്‍ നാനാ പടേക്കറുടെ പക്ഷം ചേരുകയായിരുന്നു എന്നും തനുശ്രീ ആരോപിച്ചിരുന്നു.