മഥുര: വയറുവേദനയ്ക്ക് പരിഹാരം തേടിയെത്തിയ യുവതിയെ ബലാൽസംഗം ചെയ്ത കേസിൽ മന്ത്രവാദിക്ക് 25 വർഷം തടവ്. മഥുരയിലെ അതിവേഗ കോടതിയാണ് ബാബ ദ്വർകാദാസിന് ശിക്ഷ വിധിച്ചത്. 25000 രൂപ പിഴയും വിധിച്ചു.

കഴിഞ്ഞ ജൂലൈയിലാണ് വിട്ടുമാറാത്ത വയറുവേദനയ്ക്ക് പരിഹാരം തേടി യുവതി വൃന്ദാവനിലെ ബാബ ദ്വർകാദാസിന്റെ ആശ്രമത്തിലെത്തിയത്. ഭർത്താവിനും 4 വയസുളള മകൾക്കൊപ്പമാണ് യുവതി ആശ്രമത്തിലെത്തിയത്. യുവതിയോട് രണ്ടാം നിലയിലെ മുറിയിൽ വിശ്രമിക്കാനും രാത്രി 10 മണിക്ക് ചികിൽസ തുടങ്ങാമെന്നും ദ്വർകാദാസ് പറഞ്ഞു. ഭർത്താവിനോട് താഴത്തെ നിലയിൽ നിലവിളക്ക് കൊളുത്തി വച്ച് പ്രാർത്ഥിക്കാനും തിരി കത്തി തീർന്നതിനുശേഷം മാത്രം പുറത്തേക്ക് വരണമെന്നും നിർദേശിച്ചു.

അതിനുശേഷം മുകളിലത്തെ മുറിയിൽ വിശ്രമിക്കുകയായിരുന്ന യുവതിയെ ദ്വർകാദാസ് ബലാൽസംഗം ചെയ്യുകയായിരുന്നു. ശരീരത്തിൽനിന്നും ദുരാത്മാക്കളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമാണ് ഇതെന്നായിരുന്നു യുവതിയോട് പറഞ്ഞത്. ഭർത്താവ് ഉറങ്ങിക്കഴിഞ്ഞപ്പോൾ വീണ്ടും യുവതിയെ പീഡിപ്പിച്ചു. ഇതും ചികിൽസയുടെ ഭാഗമാണെന്നാണ് പറഞ്ഞത്. പീഡന വിവരം ആരോടെങ്കിലും പറഞ്ഞാൽ കുടുംബത്തെ കൊല്ലുമെന്നും ദ്വർകാദാസ് ഭീഷണിപ്പെടുത്തി.

വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് യുവതി ഭർത്താവിനോട് പീഡന വിവരം പറഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook