രാജ്കോട്ട്: ഗുജറാത്ത് കുച്ചിലെ തനിഷ്ക് ഷോറൂമിലേക്ക് ഹിന്ദുത്വവാദികളുടെ പ്രതിഷേധപ്രകടനം. ലവ് ജിഹാദിനെ പിന്തുണയ്ക്കുന്ന പരസ്യം തനിഷ്ക് പുറത്തിറക്കിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ പോസ്റ്റർ പതിച്ചു.
ഷോറൂമിനു മുന്നിൽ 120 ലേറെ ആളുകൾ പ്രതിഷേധവുമായി ഒത്തുകൂടിയെന്ന് ഒരു ജീവനക്കാരൻ പറയുന്നു. പ്രതിഷേധക്കാരിൽ ആറോ ഏഴോ പേർ സ്റ്റാഫുകൾക്കെതിരെ രംഗത്തുവന്നു. ജീവനക്കാരോട് മോശമായി പെരുമാറി. തങ്ങൾ ഹിന്ദുക്കളാണെന്നും ഇത്തരം പരസ്യങ്ങളോട് സഹിഷ്ണുത കാണിക്കില്ലെന്നും അവർ പ്രതിഷേധത്തിനിടെ പറഞ്ഞു. ബിസിനസിന്റെ ഭാഗമായി മാത്രമാണ് ഈ പരസ്യമെന്ന് പറഞ്ഞിട്ടും പ്രതിഷേധക്കാർ കേട്ടില്ല. ഞങ്ങളും ഹിന്ദുക്കളാണെന്ന് പ്രതിഷേധക്കാരോട് പറഞ്ഞു. എന്നാൽ, ഞങ്ങളെ കേൾക്കാൻ അവർ തയ്യാറല്ലായിരുന്നു. പ്രതിഷേധക്കാരിൽ ചിലർ ഷോറൂമിന്റെ വാതിലിൽ പോസ്റ്റർ ഒട്ടിച്ചു. പോസ്റ്ററിനു മുന്നിൽ നിന്ന് ചിത്രങ്ങൾ എടുത്തു. അതിനുശേഷമാണ് പ്രതിഷേധക്കാർ മടങ്ങിയത്, തനിഷ്കിലെ ഒരു ജീവനക്കാരൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
“പ്രതിഷേധക്കാരെ ഞങ്ങൾക്ക് അറിയില്ല. ഞങ്ങൾ ഒരു വിവാദം ആഗ്രഹിക്കുന്നില്ല. ഈ സംഭവം ഇതുവരെ പൊലീസിൽ റിപ്പോർട്ട് ചെയ്തിട്ടുമില്ല. പരസ്യത്തിനെതിരെ ഞങ്ങളുടെ നിരവധി ഉപഭോക്താക്കൾ ഫോണിൽ വിളിച്ചു പ്രതിഷേധമറിയിച്ചു. ബിസിനസിനെയും ഇത് മോശമായി ബാധിച്ചു.” തനിഷ്കിലെ മുതിർന്ന ജീവനക്കാരൻ പറഞ്ഞു.
Tanishq has officially withdrawn their ad after being trolled viciously. Here’s why this is a very sad state of affairs, and context from other such ads that were trolled (and some, withdrawn) https://t.co/Nb0cSiTPHX pic.twitter.com/sn3IMBqdmC
— Karthik (@beastoftraal) October 13, 2020
ട്രോളുകളും വിമർശനങ്ങളും കനത്തതോടെ തങ്ങളുടെ ഏറ്റവും പുതിയ പരസ്യ ചിത്രം പ്രമുഖ ജൂവലറി ബ്രാൻഡായ ‘തനിഷ്ക്’ ഇന്നലെയാണ് പിൻവലിച്ചത്. ഹൈന്ദവ വിശ്വാസിയായ മരുമകളും മുസ്ലിമായ അമ്മായിഅമ്മയും തമ്മിലുള്ള ഊഷ്മള ബന്ധമാണ് പരസ്യത്തിൽ കാണിക്കുന്നത്. ടൈറ്റാൻ ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനി തങ്ങളുടെ ഉത്സവ കളക്ഷനായ ‘ഏകത്വ’യ്ക്കായി പുറത്തിറക്കിയ പരസ്യമാണ് വിവാദങ്ങൾക്കിരയായത്. തനിഷ്ക് ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങൾ ശക്തമായതോടെയാണ് കമ്പനി പരസ്യം പിൻവലിച്ചത്.
ഗർഭിണിയായ മരുമകൾക്കായി ബേബിഷവർ ചടങ്ങുകൾ ഒരുക്കിയ അമ്മായിഅമ്മ. ഇത്തരം ചടങ്ങ് ഒരു മുസ്ലിം വീട്ടിൽ നടത്താറില്ലല്ലോ എന്ന ചോദ്യത്തിന് ‘ഇത് മകളെ സന്തോഷിപ്പിക്കുന്നതിനായി എല്ലാ വീട്ടിലും പിന്തുടരുന്ന ഒരു പാരമ്പര്യം അല്ലേ’യെന്ന് അമ്മായിഅമ്മ മറുചോദ്യം ഉന്നയിക്കുന്നു.
“സ്വന്തം മകളെപ്പോലെ അവളെ സ്നേഹിക്കുന്ന ഒരു കുടുംബത്തിലേക്കാണ് അവള് വിവാഹിതയായെത്തിയത്. ഒരിക്കലും ആഘോഷിച്ചിട്ടില്ലാത്ത ഒരു ചടങ്ങ് അവൾക്കു വേണ്ടി മാത്രം അവർ ഒരുക്കിയിരിക്കുന്നു. രണ്ട് വ്യത്യസ്ത മതങ്ങളുടെയും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും മനോഹര സംഗമം” എന്നാണ് വീഡിയോയുടെ വിവരണം ആയി യൂട്യൂബിൽ പറഞ്ഞിരിക്കുന്നത്.
എന്നാൽ പരസ്യത്തിന് ഓൺലൈനിൽ സമ്മിശ്ര പ്രതികരണങ്ങളുണ്ടായിരുന്നു. ഇത് ഇന്ത്യയുടെ മതപരമായ ഐക്യത്തിന്റെ മനോഹരമായ ഉദാഹരണമാണെന്ന് ഒരു വിഭാഗം പറയുമ്പോൾ, മറ്റുള്ളവർ ഇതിനെ സോഷ്യൽ മീഡിയയിൽ വിമർശിക്കുകയും അത് “ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു” എന്ന് പറയുകയും #BoycottTanishq എന്ന ഹാഷ്ടാഗോടെ തനിഷ്കിനെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. മിശ്ര വിവാഹങ്ങളിലെ യാഥാർഥ്യമല്ല ചിത്രം കാണിക്കുന്നത് എന്നാണ് ഇക്കൂട്ടരുടെ വിമർശനം.