ആമസോൺ പ്രൈം വീഡിയോയിലെ ‘താണ്ഡവ്’ വെബ് സീരീസുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ സീരിസിന്റെ നിർമ്മാതാക്കൾ ക്ഷമാപണം നടത്തി. ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചെന്ന് പറഞ്ഞ് സീരീസിനെതിരെ ചിലർ രംഗത്തെത്തിയിരുന്നു. സീരിസിന്റെ നിർമാതാക്കൾക്കും ആമസോൺ ഇന്ത്യക്കും എതിരെ യുപിയിലെ ഹസാർഗഞ്ച് പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിറകെയാണ് തങ്ങൾ ക്ഷമാപണം നടത്തുകയാണെന്ന് നിർമ്മാതാക്കൾ അറിയിച്ചത്.

“ഏതെങ്കിലും വ്യക്തി, ജാതി, സമൂഹം, വംശം, മതം, മതവിശ്വാസം എന്നിവയുടെ വികാരം വ്രണപ്പെടുത്താനോ ഏതെങ്കിലും സ്ഥാപനത്തെയോ രാഷ്ട്രീയ പാർട്ടിയെയോ വ്യക്തിയെയോ അപമാനിക്കാനോ പ്രകോപിപ്പിക്കാനോ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല. ‘താണ്ഡവി’ലെ അഭിനേതാക്കളും അണിയറപ്രവർത്തകരും ജനങ്ങൾ പ്രകടിപ്പിക്കുന്ന ആശങ്കകൾ മനസിലാക്കുകയും അത് ആരുടെയെങ്കിലും വികാരത്തെ മനഃപൂർവ്വം വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നിരുപാധികമായി ക്ഷമ ചോദിക്കുകയും ചെയ്യുന്നു,” സീരീസ് ഡയറക്ടർ അലി അബ്ബാസ് സഫർ തന്റെ ട്വിറ്റർ ഹാൻഡിൽ പങ്കുവെച്ച പ്രസ്താവനയിൽ പറയുന്നു.

Read More: വിശ്വാസം വ്രണപ്പെടുത്തി, ഹിന്ദു ദൈവങ്ങളെ പരിഹസിച്ചു; സെയ്ഫിന്റെ ‘താണ്ഡവി’നെതിരെ ബിജെപി

ലഖ്‌നൗവിലെ ഹസ്രത്‌ഗഞ്ച് പോലീസ് സ്റ്റേഷനിൽ ആമസോൺ ഇന്ത്യയുടെ ഒറിജിനൽ കണ്ടന്റ് ഹെഡ് അപർണ പുരോഹിത്, സീരീസ് ഡയറക്ടർ അലി അബ്ബാസ് സഫർ, നിർമ്മാതാവ് ഹിമാൻഷു കൃഷ്ണ മെഹ്‌റ, എഴുത്തുകാരൻ ഗൗരവ് സോളങ്കി എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 153 എ, 295,505 (1) (ബി), 469 വകുപ്പുകളും ഐടി ആക്ട് പ്രകാരമുള്ള കുറ്റങ്ങളും ചേർത്താണ് എഫ്ഐആർ രജിസ്ട്രർ ചെയ്തത്.

അതേസമയം സീരീസിനെതിരായ പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ ‘താണ്ഡവി’ൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ സെയ്ഫ് അലി ഖാന്റെ മുംബൈയിലെ സബർബൻ ബാന്ദ്രയിലുള്ള ഓഫീസിന് പുറത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്തു. ബാന്ദ്ര കുർള കോംപ്ലക്‌സിലെ ആമസോണിന്റെ ഹെഡ് ഓഫീസുകൾക്ക് സമീപവും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

മുംബൈയിലെ ഘാട്കോപർ പോലീസ് സ്റ്റേഷനിൽ ‘താണ്ഡവ്’ നിർമാതാക്കൾക്കെതിരെ ബിജെപി എം‌എൽ‌എ രാം കടം ഞായറാഴ്ച പരാതി നൽകിയിരുന്നു. ഷോയിലെ അഭിനേതാക്കൾ, നിർമ്മാതാക്കൾ, സംവിധായകൻ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അധികൃതരോട് എംഎൽഎ ആവശ്യപ്പെട്ടു. പരമ്പര നിരോധിക്കണമെന്നും ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് വിശാലമായ റെഗുലേറ്ററി അതോറിറ്റി വേണമെന്നും ആവശ്യപ്പെട്ട് മറ്റൊരു ബിജെപി നേതാവ് മനോജ് കൊട്ടക് കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറിന് കത്തെഴുതിയിരുന്നു.

തുടർന്ന്, ഈ വിഷയത്തിൽ ആമസോൺ പ്രൈം വീഡിയോയിൽ നിന്ന് മന്ത്രാലയം വിശദീകരണം തേടി. മധ്യപ്രദേശ് മന്ത്രി വിശ്വാസ് സാരംഗ്, സംസ്ഥാന നിയമസഭാ സ്പീക്കർ രമേശ്വർ ശർമ, ദില്ലി ബിജെപി നേതാവ് കപിൽ മിശ്ര എന്നിവരും പരമ്പര പിൻവലിക്കാൻ ആമസോൺ പ്രൈം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിനോട് ആവശ്യപ്പെട്ടു. ‘താണ്ഡവ്’ നിരോധിക്കാൻ ആവശ്യപ്പെട്ട് മിശ്ര ആമസോൺ പ്രൈം വീഡിയോകൾക്ക് ലീഗൽ നോട്ടീസും അയച്ചിട്ടുണ്ട്.

ഈ പരമ്പരയിലെ ചില രംഗങ്ങൾ ആളുകളുടെ മതപരവും വംശീയവുമായ വികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ടെന്നും രാജ്യത്ത് സമാധാനവും ഐക്യവും നിലനിർത്താൻ അവ നീക്കം ചെയ്യുന്നതാണ് ഉചിതമാണെന്നും ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതിയും അഭിപ്രായപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook