ചെന്നൈ: തമിഴ്‌നാട്ടില്‍ ടിടിവി ദിനകരന്‍ പക്ഷം പിടിമുറക്കുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിളിച്ചു ചേർത്ത നേതൃയോഗത്തിന് നാല്‍പതോളം എംഎല്‍എമാര്‍ എത്തിയില്ല. 90 എംഎൽഎമാർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. അതേസമയം, ടിടിവി ദിനകരനേയും ശശികലയേയും പാർട്ടിയിൽ നിന്ന് പുറത്താക്കാൻ യോഗത്തിൽ തീരുമാനമായി. പാർട്ടി അംഗങ്ങളെ ടിടിവി ദിനകരൻ പുറത്താക്കിയ നടപടി റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്. ശശികലയെ പാർട്ടിയിൽനിന്നു പുറത്താക്കണമെന്ന് ലയനത്തിനു മുൻപ് പനീർശെൽവം പക്ഷം ആവശ്യപ്പെട്ടിരുന്നു.

എഐഎഡിഎംകെ ഒ.പനീര്‍സെല്‍വം-എടപ്പാടി കെ.പളനിസാമി അനുകൂല എംഎല്‍എമാരുടെയും ജില്ലാ ഭാരവാഹികളുടെയും യോഗമാണ് ഇന്ന് ചേര്‍ന്നത്. ലയനത്തിനു ശേഷമുള്ള ആദ്യ യോഗമാണിത്. യോഗത്തിൽനിന്നു 40 എംഎൽഎമാർ വിട്ടുനിന്നത് പാർട്ടിയിൽ കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. കൂടുതല്‍ എംഎല്‍എമാര്‍ ദിനകരനു പിന്തുണയുമായെത്തുന്നതു ഭരണപക്ഷത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രവും ഭരണപക്ഷം മെനയുന്നു.

ജയലളിതയുടെ മരണത്തോടെ 233 അംഗങ്ങളായി ചുരുങ്ങിയ തമിഴ്നാട് നിയമസഭയില്‍ 117 ആണ് കേവല ഭൂരിപക്ഷം. പനീര്‍ശെല്‍വം വിമതനായി നിന്ന സമയത്ത് 122 എംഎല്‍എമാരുടെ പിന്തുണയോടെയാണ് പളനിസാമി വിശ്വാസ വോട്ടെടുപ്പ് ജയിച്ചത്. 11 എംഎല്‍എമാരാണ് ഒപിഎസ് പക്ഷത്തുണ്ടായത്. ഒപിഎസ്- ഇപിഎസ് ലയനത്തോടെ അണ്ണാഡിഎംകെ ശക്തമായപ്പോഴാണ് നാല്പതോളം എംഎല്‍എമാര്‍ ദിനകരനൊപ്പം കൂടിയത്. ഇതോടെ വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ തമിഴ്നാട് സര്‍ക്കാര്‍ വീഴാനുള്ള സാധ്യതയാണ് കൂടുതല്‍. കണക്കിലെ കളികളാണ് ഗവര്‍ണര്‍ വിശ്വാസം തെളിയിക്കാന്‍ ആവശ്യപ്പെട്ടാല്‍ നിയമസഭയില്‍ ഇപിഎസ്- ഒപിഎസ് പക്ഷത്തിന് പ്രതിസന്ധിയാവുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ