ചെന്നൈ: ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ തമിഴ്‌നാട് ആരോഗ്യമന്ത്രി സി.വിജയഭാസ്‌കര്‍ വിവാദത്തില്‍. ഇന്നലെ രാത്രി നടന്ന എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗത്തിന് ശേഷമായിരുന്നു സംഭവം. യോഗത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് നിങ്ങള്‍ സുന്ദരിയാണെന്ന് പറഞ്ഞ് ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറുകയായിരുന്നു മന്ത്രി.

യോഗത്തില്‍ എന്താണ് ചര്‍ച്ചയായതെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യം. എന്നാല്‍ അതിന് വ്യക്തമായ മറുപടി നല്‍കുന്നതിന് പകരം ‘നിങ്ങളുടെ കണ്ണട നല്ല ഭംഗിയുണ്ട്’ എന്നു പറഞ്ഞ് രക്ഷപ്പെടാനായിരുന്നു മന്ത്രി ശ്രമിച്ചത്. പക്ഷെ തന്റെ ചോദ്യവുമായി മാധ്യമ പ്രവര്‍ത്തക വീണ്ടുമെത്തി. ഇത്തവണയും മന്ത്രിയുടെ ഉത്തരം നിങ്ങളുടെ കണ്ണട നല്ല ഭംഗിയുണ്ടെന്നായിരുന്നു. ഇതോടെ ഞാന്‍ സ്ഥിരമായി ഇതേ കണ്ണട തന്നെയാണ് വയ്ക്കാറെന്ന് മാധ്യമ പ്രവര്‍ത്തക തിരിച്ചടിച്ചു.

ഇതോടെ മന്ത്രി ഡയലോഗ് മാറ്റുകയായിരുന്നു. മാധ്യമ പ്രവര്‍ത്തക വീണ്ടും ചോദ്യവുമായെത്തിയപ്പോള്‍ ”ഓകെ. ഇന്ന് നിങ്ങള്‍ സുന്ദരിയായിരിക്കുന്നു. നിങ്ങള്‍ നല്ല സുന്ദരിയാണ്” എന്നായി മന്ത്രിയുടെ മറുപടി. എന്നാല്‍ തന്റെ ചോദ്യത്തില്‍ നിന്നും പിന്മാറാന്‍ മാധ്യമ പ്രവര്‍ത്തക തയ്യാറാകാതെ വന്നതോടെ മുതിര്‍ന്ന നേതാക്കന്മാര്‍ മറുപടി പറയുമെന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു മന്ത്രി.

തുടര്‍ന്ന് വീണ്ടും മാധ്യമ പ്രവര്‍ത്തകയോട് നിങ്ങള്‍ സുന്ദരിയാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ട് ചിരിച്ചുകൊണ്ട് കടന്നു പോവുകയായിരുന്നു മന്ത്രി. സംഭവത്തിന്റെ വീഡിയോ പുറത്തായതോടെ മന്ത്രിയുടെ പെരുമാറ്റത്തെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ദ ന്യൂസ് മിനിറ്റ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിഷയം വിവാദമായതോടെ മന്ത്രി മാപ്പ് പറഞ്ഞ് രംഗത്തെത്തുകയായിരുന്നു. തന്റെ ഉദ്ദേശ്യം ചോദ്യത്തെ അവഗണിക്കുക മാത്രമായിരുന്നുവെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും മന്ത്രി പറഞ്ഞു. എല്ലാ മാധ്യമ പ്രവര്‍ത്തകരേയും സഹോദരി സഹോദരന്മാരായാണ് താന്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(വീഡിയോ കടപ്പാട്-ദി ന്യൂസ് മിനിറ്റ്)

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook