ചെന്നൈ: അണ്ണാ ഡിഎംകെ നിയമസഭാ കക്ഷി നേതാവ് എടപ്പാടി പളനിസ്വാമിയെ ഗവർണർ സി.വിദ്യാസാഗർ റാവു രാജ്ഭവനിലേക്ക് കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. അൽപസമയത്തിനകം അദ്ദേഹം ഗവർണറെ കാണും. ഗവർണർ വിളിച്ചതനുസരിച്ചാണ് പോകുന്നതെന്ന് പളനിസ്വാമി പറഞ്ഞു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ ഗവർണർ വിളിച്ചതെന്നാണ് സൂചന. അതേസമയം, ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെ വളരെ പ്രതീക്ഷയോടെയാണ് അണ്ണാ ഡിഎംകെ നോക്കിക്കാണുന്നത്.

ഇന്നലെ എടപ്പാടി പളനിസ്വാമിയും കാവൽ മുഖ്യമന്ത്രി ഒ.പനീർസെൽവവും ഗവണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും തങ്ങളെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ പട്ടികയും കൈമാറിയിരുന്നു. തനിക്ക് 124 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നായിരുന്നു പളനിസ്വാമിയുടെ അവകാശവാദം. ഇതിനു പിന്നാലെയാണ് ഗവർണർ അദ്ദേഹത്തെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. 234 അംഗ തമിഴ്നാട് നിയമസഭയിൽ 134 എംഎൽഎമാരാണ് അണ്ണാ ഡിഎംകെയ്ക്കുള്ളത്. ഇവരിൽ ഭൂരിഭാഗവും ശശികല പക്ഷത്താണ്.

അതേസമയം, പളനിസ്വാമിയെ കൂടിക്കാഴ്ചയ്ക്ക് ഗവർണർ ക്ഷണിച്ചത് കേന്ദ്ര നിർദേശത്തെത്തുടർന്നെന്നും സൂചനയുണ്ട്. ഒ.പനീർസെൽവും പളനിസ്വാമിയും തമ്മിൽ സമവായ ചർച്ചകൾ നടത്താനും നീക്കമുണ്ട്. ഒപിഎസിന് പ്രതീക്ഷ മുന്നേറ്റത്തിന് കഴിഞ്ഞില്ലെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ശശികല ജയിലിലേക്ക് പോയതിനുപിന്നാലെ കൂടുതൽ എംഎൽഎമാർ പനീർസെൽവം പക്ഷത്തേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇതുണ്ടായില്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടക്കം മുന്നിൽ കണ്ടാണ് കേന്ദ്രത്തിന്റെ നീക്കമെന്നും സൂചനയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook