ചെന്നൈ: നടനും ‘മക്കള്‍ നീതി മയ്യം’ പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ഹാസനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി കെ.പളനിസ്വാമി. കമല്‍ഹാസന്‍ നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ വെറും പ്രഹസനമെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. കമല്‍ഹാസന് രാഷ്ട്രീയത്തെ കുറിച്ച് അടിസ്ഥാന വിവരം പോലുമില്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ഉടന്‍ അവസാനിക്കുമെന്നും പളനിസ്വാമി പറഞ്ഞു. അതിരൂക്ഷമായ ഭാഷയിലാണ് കമല്‍ഹാസനെതിരെ പളനിസ്വാമി സംസാരിച്ചത്.
തമിഴ് സിനിമയില്‍ വേണ്ടത്ര അവസരങ്ങള്‍ ഇല്ലാതായപ്പോഴാണ് കമല്‍ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ചത്. പ്രായമായതുകൊണ്ട് കമല്‍ഹാസന് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു. ഇങ്ങനെയൊരു സാഹചര്യത്തിലാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. വലിയ നേതാവായ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെന്നും പളനിസ്വാമി പറഞ്ഞു.
Read Also: രജനീകാന്തിന് ഏറ്റവും പ്രിയപ്പെട്ട കമൽഹാസൻ ചിത്രം
“കമല്‍ഹാസന് ഇപ്പോള്‍ 65 വയസ്സായി. സിനിമാ രംഗത്ത് അദ്ദേഹത്തിനു വേണ്ടത്ര അവസരങ്ങള്‍ ലഭിക്കുന്നില്ല. അപ്പോള്‍ പോയി ഒരു രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ചു. ഇത്രനാള്‍ കമല്‍ഹാസന്‍ എവിടെയായിരുന്നു? സിനിമയില്‍ അഭിനയിക്കുകയും പണമുണ്ടാക്കുകയും അല്ലാതെ വേറെ എന്താണ് കമല്‍ഹാസന്‍ ചെയ്തിട്ടുള്ളത്? രാഷ്ട്രീയത്തില്‍ ഒന്നും ആകാതെ പോയ വ്യക്തിയാണ് ശിവജി ഗണേശന്‍. അതേ വിധി തന്നെയാണ് കമല്‍ഹാസനെയും കാത്തിരിക്കുന്നത്” പളനിസ്വാമി പറഞ്ഞു.
Read Also: ഇത്തരം രാഷ്ട്രീയക്കാരോട് ഒരു തരി ബഹുമാനമില്ല; ആഞ്ഞടിച്ച് കമൽഹാസൻ
“കമല്‍ഹാസന് എന്ത് രാഷ്ട്രീയമാണ് അറിയുക? പാര്‍ട്ടി പ്രവര്‍ത്തകര്‍ തിയറ്ററില്‍ പോയി തന്റെ സിനിമ കാണാന്‍ വേണ്ടിയാകും കമല്‍ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്. അയാള്‍ ജനങ്ങള്‍ക്കു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്. തമിഴ്‌നാട്ടില്‍ എത്ര പഞ്ചായത്തുകളുണ്ടെന്നും കോര്‍പ്പറേഷനുകളുണ്ടെന്നും കമല്‍ഹാസന് അറിയുമോ? ഈ സംസ്ഥാനത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് കമല്‍ഹാസന് വല്ല അറിവുമുണ്ടോ?” പളനിസ്വാമി കുറ്റപ്പെടുത്തി.