ചെന്നൈ: രാഷ്ട്രീയപ്രവേശന സാധ്യതകൾ വീണ്ടും മുന്നോട്ട് വച്ച് തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത്. തന്രെ രാഷ്ട്രീയ പ്രവേശനത്തിനായി കാത്തിരിക്കണം എന്നും ആരാധകർ തയ്യാറായിരിക്കണം എന്നും രജനികാന്ത് പറഞ്ഞു. രാഷ്ട്രീയത്തിൽ എതിർപ്പാണ് മൂലധനം എന്നും നാട്ടിലെ ഇപ്പോഴത്തെ വ്യവസ്ഥിതിക്ക് എതിരെ പൊരുതാൻ തയ്യാറാകണമെന്നും രജനി ആരാധകരോട് പറയുന്നു. തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പുറത്ത് വന്ന വാർത്തകൾ തന്നെ വേദനിപ്പിച്ചു എന്നും രജനികാന്ത് പറയുന്നു.

കഴിഞ്ഞ ദിവസം ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ രജനി തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ഇതു വലിയ ചർച്ചയായിരുന്നു. ഇന്നു മാധ്യമപ്രവർത്തകർ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ‘ദയവു ചെയ്ത് രാഷ്ട്രീയ ചോദ്യങ്ങൾ ചോദിക്കരുത്’ എന്നാണ് സൂപ്പർ സ്റ്റാർ പറഞ്ഞത്. എട്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ആരാധകരുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ഉണ്ടായ സന്തോഷവും രജനി മറച്ചുവച്ചില്ല.

ആരാധകരോട് എന്ത് ഉപദേശമാണ് നൽകാനുളളതെന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ‘കുടുംബത്തെ സംരക്ഷിക്കൂ. എല്ലാ ദുശ്ശീലങ്ങളും ഉപേക്ഷിക്കൂ’. നേരത്തെ ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിലും സിഗരറ്റും മദ്യവും ഉപേക്ഷിക്കാൻ രജനി ആവശ്യപ്പെട്ടിരുന്നു.

”വ്യക്തിഗതനേട്ടത്തിനായി രാഷ്ട്രീയത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നവർ ഞാൻ രാഷ്ട്രീയത്തിലേക്ക് വരുന്നില്ലെങ്കിൽ വിഷമിക്കരുത്. അതേസമയം, ഞാൻ രാഷ്ട്രീയത്തിലേക്ക് കടക്കാൻ തീരുമാനിക്കുകയാണെങ്കിൽ ഒരിക്കലും അങ്ങനെയുളള ആൾക്കാരെ എന്റെ അടുത്തേക്ക് വരാൻ അനുവദിക്കില്ല. അവരെയൊക്കെ ഞാൻ അകറ്റിനിർത്തും” ഇതായിരുന്നു ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ രജനി പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ