തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന് വൻ വിജയം. പാർട്ടിക്ക് വൻ വിജയം സമ്മാനിച്ചതിന് എംകെ സ്റ്റാലിൻ തിങ്കളാഴ്ച സംസ്ഥാനത്തെ ജനങ്ങൾക്ക് നന്ദി പറഞ്ഞു. സംസ്ഥാനത്തെങ്ങും ഡിഎംകെ പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും പാർട്ടി അധ്യക്ഷനെ അഭിനന്ദിച്ചും വിജയം ആഘോഷിച്ചു.
അതേസമയം, ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിൽ 143 വാർഡ് കൗൺസിലുകൾ നേടി ഡിഎംകെ വിജയിച്ചു. എഐഎഡിഎംകെ 15 സീറ്റിലും ഐഎൻസി 11 സീറ്റിലും വിജയിച്ചു. അഞ്ച് സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചു. സിപിഎം നാല് സീറ്റുകൾ നേടിയപ്പോൾ വിസികെ മൂന്നും എംഡിഎംകെ രണ്ടും സിപിഐ, ഐയുഎംഎൽ, എഎംഎംകെ, ബിജെപി എന്നീ കക്ഷികൾ ഒരു സീറ്റ് വീതവും നേടി.
ഫെബ്രുവരി 19 നായിരുന്നു വോട്ടെടുപ്പ്. 21 കോർപ്പറേഷനുകളിലും 138 മുനിസിപ്പാലിറ്റികളിലും 489 ടൗൺ പഞ്ചായത്തുകളിലുമായി 12,500 ലധികം വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.