ചെന്നൈ: തമിഴ്നാട്ടിൽ ഇന്നു പ്രതിപക്ഷ പാർട്ടികളുടെ ബന്ദ്. തമിഴ്നാട്ടിലെ കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുക, വിളകള്‍ക്ക് താങ്ങുവില നിശ്ചയിയ്ക്കുക, നദീ സംയോജന പദ്ധതി നടപ്പാക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡിഎംകെയുടേയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും സംസ്ഥാന വ്യാപക ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിപിഎം, സിപിഐ, വിസികെ എന്നിവരും സഖ്യകക്ഷികളായ കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, മനിതനേയ മക്കള്‍ കക്ഷി എന്നിവരും ഡിഎംകെയുടെ ബന്ദിന് പിന്തുണ പഖ്യാപിച്ചിട്ടുണ്ട്. വിവിധ തൊഴിലാളി യൂണിയനുകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും ഇന്ന് മുതല്‍ പണിമുടക്കുന്നുണ്ട്. പെന്‍ഷന്‍ പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങി 21 ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് പണിമുടക്ക്.

തമിഴ്നാട് കർഷകർ ഡൽഹിയിൽ നടത്തി വന്ന സമരം കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. ഒന്നര മാസമായി നടത്തി വന്ന സമരമാണ് താൽക്കാലികമായി പിൻവലിച്ചത്. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പളനിസാമി ഉറപ്പു നൽകിയതിനെ തുടർന്നാണ് 15 ദിവസത്തേക്ക് സമരം അവസാനിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഉറപ്പ് നടപ്പായില്ലെങ്കിൽ അടുത്ത മാസം 25 ന് സമരം വീണ്ടും തുടങ്ങുമെന്ന് കർഷകർ വ്യക്തമാക്കിയിട്ടുണ്ട്.

വരൾച്ചാ ദുരിതാശ്വാസത്തിന് കേന്ദ്ര സർക്കാർ 40,000 കോടി രൂപ അനുവദിക്കുക, കാർഷിക കടങ്ങൾ എഴുതിത്തളളുക, വിളകൾക്ക് ന്യാവില ലഭ്യമാക്കുക, കാവേരിയിലെ നീരൊഴുക്ക് വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കർഷകരുടെ സമരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ