ചെന്നൈ: തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ ആ ചായക്കടയില്‍ ഇന്നു പതിവില്‍ കൂടുതല്‍ ആളുണ്ടായിരുന്നു. ശരിക്കുമൊരു ആഘോഷത്തിനുള്ള ആള്‍ക്കൂട്ടം. വന്നവര്‍ക്കെല്ലാം സന്തോഷസൂചകമായി രുചികരമായ കേസരി പലഹാരം കിട്ടി. 50 ശുചീകരണത്തൊഴിലാളികള്‍ക്കു മുണ്ടും സാരിയും.
സെയ്ത് കോളനിയിലെ അകില്മേട് മെയിന്‍ റോഡിലെ പ്രിയ ടീ സ്റ്റാളില്‍ നടന്നത് ഒരു ചലച്ചിത്ര താരത്തിന്റെ ജന്മദിന ആഘോഷമായിരുന്നു. ദക്ഷിണേന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ട നടിയായ സില്‍ക്ക് സ്മിതയുടേത്. സ്മിതയുടെ 62-ാം ജന്മദിനമായിരുന്നു ഇന്ന്. വര്‍ഷങ്ങളായി സില്‍ക്കിന്റെ കടുത്ത ആരാധകനാണു ടീ സ്റ്റാള്‍ ഉടമയായ കെ കുമാര്‍ (45).
”നമ്മുടെ മക്കളുടെ ജന്മദിനം നമ്മള് എങ്ങനെ ആഘോഷിക്കുന്നുവോ അതുപോലെയാണ് ഞാന്‍ സില്‍ക്ക് സ്മിതയുടെ ജന്മദിനം ഇത്രയും വര്‍ഷമായി ആഘോഷിക്കുന്നത്. എനിക്ക് അവരെ ഒരുപാട് ഇഷ്ടമാണ്. അവരുടെ മുഖഭാവങ്ങള്‍ എനിക്കിഷ്ടമാണ്. ചെറുപ്പത്തില്‍ എനിക്ക് ഒരു വലിയ ആഘോഷം സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോഴത്തെ എന്റെ സാമ്പത്തിക സ്ഥിതിയില്‍ അത് ചെയ്യാന്‍ കഴിയുമെന്നതിനാല്‍ ഞാന്‍ അതു ഗംഭീരമാക്കുന്നു,” കുമാര്‍ പറഞ്ഞു.
”ഇന്ന് ഞങ്ങള്‍ 50 ശുചീകരണത്തൊഴിലാളികള്‍ക്ക് സൗജന്യമായി മുണ്ടും സാരിയും നല്കി. എന്റെ 15 സുഹൃത്തുക്കളുടെ പിന്തുണയോടെയാണ് ഇതു ചെയ്തത്. എല്ലാ വര്‍ഷവും നടിയുടെ ജന്മദിനത്തില് ഞാന്‍ എന്റെ ഉപഭോക്താക്കള്‍ക്കു മധുരപലഹാരങ്ങള്‍ നല്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ശുചീകരണത്തൊഴിലാളികളെ സഹായിക്കാന്‍ എന്റെ മകള്‍ എന്നോട് പറഞ്ഞു. അവളുടെ ആഗ്രഹപ്രകാരം ഞങ്ങളത് ചെയ്തു,” കുമാര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
സില്‍ക്ക് സ്മിതയുടെ നിരവധി ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുകയാണു കുമാറിന്റെ കട. പവേശന കവാടകത്തില്‍ മാലകള്‍ തൂക്കിയ നടിയുടെ മനോഹരമായൊരു ചിത്രം ഇടംപിടിച്ചിരുന്നു. നടിയോട് കടുത്ത ആരാധനയുള്ളതിനാല്‍ ആളുകള്‍ തന്നെ നിസാരമായി കാണുകയും പെരിഹസിക്കുകയും ചെയ്യാറുണ്ടായിരുന്നുവെ്ന്ന് അദ്ദേഹം പറഞ്ഞു.
”എല്ലാവര്ക്കും അവളെ ഇഷ്ടമാണ്, പക്ഷേ ഇത്തരമൊരു കാര്യം ആഘോഷിക്കാന്‍ മുന്നോട്ടുവരാന്‍ ആളുകള്‍ മടിക്കുന്നു. ഞാന്‍ കുറച്ചുകാലം സിനിമയില്‍ ജോലി ചെയ്തിട്ടുണ്ട്. അവര്‍ ഈ ഇന്‍ഡസ്ട്രിയില്‍ മറ്റുള്ളവരെ സഹായിക്കുന്നതിനെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. സ്വാഭാവികമായും ഞാന്‍ അവരിലേക്ക് ആകര്‍ഷിക്കപ്പെട്ടു.
1996-ല്‍ നടി അന്തരിച്ചപ്പോള്‍ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. നാമക്കല്‍ ജില്ലയിലെ കുമാരപാളയം സരസ്വതി തിയറ്ററില്‍, അവര്‍ക്ക് ആദരാഞ്ജലിയായി ഒരു കൂറ്റന്‍ കട്ട് ഔട്ട് സ്ഥാപിച്ച് ഞങ്ങള്‍ ഹാരമണിയിച്ച് ആദരാഞ്ജലി അര്‍പ്പിച്ചു. എന്നെ പിന്തുണയ്ക്കുന്നു കുടുംബം ഞാന്‍ മദ്യം, പുകയില അല്ലെങ്കില്‍ മറ്റു ദോഷകരമായ കാര്യങ്ങള്‍ എന്നിവയ്ക്ക് അടിമകളായവരില്നിന്നു വ്യത്യസ്തമായി മാന്യമായ താണു ചെയ്യുന്നതെന്നാണ് അവര്‍ പറയുന്നത്. അവര്‍ എന്നെക്കുറിച്ച് അഭിമാനിക്കുന്നു,” കുമാര്‍ പറഞ്ഞു.
ഭാര്യയും രണ്ടു പെണ്മക്കളും ഒരു മകനും അടങ്ങുന്നതാണ് കുമാറിന്റെ കുടുംബം. മൂത്ത മകള്‍ നിയമ വിദ്യാര്‍ഥിയാണ്. രണ്ടാമത്തെ മകള്‍ പന്ത്രണ്ടാം ക്ലാസിലും ഇളയ മകന് എട്ടിലും പഠിക്കുന്നു.