scorecardresearch

വിദ്യാര്‍ഥിനിയുടെ മരണം: തമിഴ്നാട്ടില്‍ സ്കൂളിനെതിരെ പ്രതിഷേധം; ബസുകള്‍ കത്തിച്ചു

സ്കൂള്‍ ക്യാമ്പസില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിനാണ് പ്രതിഷേധക്കാര്‍ തീ വച്ചത്. പൊലീസിന്റെ റിപ്പോര്‍ട്ട് പ്രകാരം 13 ബസെങ്കിലും ആക്രമിക്കപ്പെട്ടിട്ടുണ്ട്

Tamil Nadu Student Death

വിദ്യാര്‍ഥിനിയുടെ മരണത്തില്‍ നീതി ആവശ്യപ്പെട്ടുകൊണ്ട് തമിഴ്നാട് കല്ലക്കുറിച്ചിയിലെ സ്കൂളില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധം കലാപസമാനമായി. 13 സ്കൂള്‍ ബസുകള്‍ കത്തിക്കുകയും മൂന്ന് പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തതായാണ് വിവരം.

ചിന്ന സേലത്തിന് സമീപം കനിയാമൂരിലെ സ്കൂളില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനിടയുണ്ടായ കല്ലേറില്‍ സാധാരണക്കാര്‍ക്കും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണത്തെ ഏകദേശം രണ്ടായിരത്തോളം പേര്‍ പ്രദേശത്തുണ്ടായിരുന്നതായണ് വിവരം. വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന് മുന്‍പ് സ്കൂളിനെതിരെ നടപടിയാവശ്യപ്പെട്ടുകൊണ്ട് സമീപവാസികളും മുന്നോട്ട് വന്നിരുന്നു.

ഇന്ന് രാവിലെ പത്ത് മണിയോടെ ആരംഭിച്ച പ്രതിഷേധം പത്തരയോടെ അക്രമാസക്തമാവുകയായിരുന്നു. ക്ലാസ് മുറികളിലേക്കും പ്രിന്‍സിപ്പലിന്റെ ക്യാബിനിലേക്കും വിദ്യാര്‍ഥികള്‍ കല്ലെറിഞ്ഞു. പിന്നാലെയായിരുന്നു സ്കൂള്‍ ക്യാമ്പസില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിന് തീ വച്ചത്. പൊലീസിന്റെ റിപ്പോര്‍ട്ട് പ്രകാരം 13 ബസെങ്കിലും ആക്രമിക്കപ്പെട്ടിട്ടുണ്ട്. കൂടുതലും കത്തി നശിച്ചവയാണ്.

സാഹചര്യം നിയന്ത്രണവിധേയമാക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരില്‍ ജില്ലാ സുപ്രണ്ടും ഉള്‍പ്പെട്ടതായാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

മന്ത്രി സി വി ഗണേശനും ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) സഖ്യകക്ഷിയുമായ വിടുതലൈ ചിരുതൈകൾ പാർട്ടി (വിസികെ) നേതാവ് തോൽ തിരുമാവളവൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കള്‍ മരണപ്പെട്ട കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഇരുവരും ഉറപ്പ് നല്‍കിയതായാണ് വിവരം.

വിദ്യാര്‍ഥിനി താമസിച്ചിരുന്ന ഹോസ്റ്റലില്‍ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് ഉറപ്പ് നല്‍കിയതിന് ശേഷവും പ്രതിഷേധം തുടരുകയാണെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. തന്റെ മരണത്തിന് പിന്നില്‍ ചില അധ്യാപകരാണെന്നാണ് അത്മഹത്യക്കുറിപ്പില്‍ വിദ്യാര്‍ഥിനി ആരോപിക്കുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Tamil nadu student death protesters fire school buses