ചെന്നൈ: തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ കമ്പനി അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് ജനങ്ങള്‍ നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസ് നടത്തിയ അക്രമത്തിലും വെടിവയ്‌പിലും പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ തമിഴ്നാട്ടില്‍ ആഹ്വാനം ചെയ്ത ഹർത്താൽ ഭാഗികം. ഡിഎംകെ, കോണ്‍ഗ്രസ്, എംഡിഎംകെ, വിസികെ, സിപിഐ, സിപിഎം, എംഎംകെ എന്നീ കക്ഷികള്‍ സംയുക്തമായി നടത്തിയ ഹര്‍ത്താലില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷ്യംവഹിച്ചത്.
ചെന്നൈ, പോണ്ടിച്ചേരി നഗരങ്ങളില്‍ പലയിടത്തും ഗതാഗതം പൂര്‍ണമായും തടസപ്പെട്ടുവെങ്കിലും മറ്റ് പല ജില്ലകളിലും ഹര്‍ത്താല്‍ ഭാഗികമായിരുന്നു. ചെന്നൈയില്‍ ധര്‍ണ നടത്തിയ രാജ്യസഭാ എംപിയും ഡിഎംകെ നേതാവുമായ കനിമൊഴി, വിസികെ നേതാവ് തിരുമാവളന്‍ എന്നിവരെ ചെന്നൈയിലെ എഗ്മോറില്‍ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മധുര, സേലം, കാഞ്ചീപുരം, എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
കാഞ്ചീപുരം ജില്ലയിലെ മധുരാന്തകത്തില്‍ പ്രതിഷേധം നയിച്ച ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിനെ അറസ്റ്റ് ചെയ്തുനീക്കി. സംസ്ഥാനത്ത് പലയിടത്തും വിദ്യാര്‍ഥികളും പ്രതിഷേധിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം.
തൂത്തുക്കുടിയില്‍ സ്ഥിതി ശാന്തമായിരുന്നു. തൂത്തുക്കുടിയിലെ പൊലീസ് വെടിവയ്‌പില്‍ പതിമൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തിങ്കളാഴ്‌ച സുപ്രീം കോടതി വാദം കേള്‍ക്കും. തൂത്തുക്കുടിയില്‍ ഇന്റര്‍നെറ്റ് റദ്ദുചെയ്ത സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിന്റെ വിശദീകരണം തേടി.