ചെന്നൈ: തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമാക്കി നടനും മക്കൾ നീതി മയ്യം പാർട്ടി സ്ഥാപകനുമായ കമൽഹാസൻ. തമിഴ്‌നാട്ടിലെ ജനങ്ങളുടെ മനസിൽ ബിജെപി അപ്രസക്തരാണെന്ന് കമൽഹാസൻ പറഞ്ഞു. “തമിഴ്‌നാട്ടിലെ ജനങ്ങൾ ഒരുതരത്തിലും ബിജെപിയെ ആഗ്രഹിക്കുന്നില്ല. അവരുടെ മനസിൽ ബിജെപി അപ്രസക്‌തരാണ്,” കമൽ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ രജനികാന്തിന്റെ പിന്തുണ തേടുമെന്നും കമൽഹാസൻ വ്യക്തമാക്കി. ആരോഗ്യകാരണങ്ങളാൽ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന രജനികാന്തിന്റെ തീരുമാനം കമൽഹാസൻ സ്വാഗതം ചെയ്തു. തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ശേഷം ചെന്നൈയിൽ തിരിച്ചെത്തിയാൽ രജനികാന്തിനെ നേരിട്ടു കാണുമെന്നും കമൽഹാസൻ പറഞ്ഞു.
Read Also: രജനീകാന്തിന്റെ പിൻമാറ്റവും തീരുമാനത്തിന് തമിഴ്നാട് രാഷ്ട്രീയത്തിലുള്ള പ്രാധാന്യവും
താൻ ആത്മീയതയ്‌ക്ക് എതിരല്ലെന്ന് കമൽഹാസൻ പറഞ്ഞു. ആത്മീയതയോടും ദൈവവിശ്വാസങ്ങളോടും എതിർപ്പൊന്നുമില്ല. എന്നാൽ, തനിക്കതിലൊന്നും വിശ്വാസമില്ലെന്ന് കമൽഹാസൻ വ്യക്തമാക്കി. “എന്നിൽ ആത്മീയത അടിച്ചേൽപ്പിക്കാൻ ആർക്കും സാധിക്കില്ല. മറ്റൊരാളിൽ യുക്തിവാദം അടിച്ചേൽപ്പിക്കാൻ എനിക്കും,” കമൽഹാസൻ പറഞ്ഞു.
ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനികാന്ത് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് പുറത്തു നിന്നു കൊണ്ട് ജനങ്ങളെ സേവിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപന തിയ്യതി പരസ്യമാക്കുമെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. ജനുവരിയിലായിരിക്കും പ്രഖ്യാപനമുണ്ടായിരിക്കുമെന്നായിരുന്നു മുൻപ് പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ പെട്ടെന്നാണ് അദ്ദേഹം പ്രഖ്യാപനത്തിൽ നിന്ന് പിൻമാറിയത്.