/indian-express-malayalam/media/media_files/Kb7VCDmKPsBXOaI7M95G.jpg)
ഇഡി ഓഫീസർ അങ്കിത് തിവാരി തമിഴ്‌നാട്ടിലെ ദിണ്ടിഗലിലുള്ള ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഓഫീസിൽ | ഫോട്ടോ: എ എന്‍ ഐ
വെള്ളിയാഴ്ച അറസ്റ്റിലായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥൻ അങ്കിത് തിവാരി ഉൾപ്പെട്ട കൈക്കൂലി കേസിൽ തമിഴ്‌നാട് പൊലീസ് ശനിയാഴ്ച വിപുലമായ തിരച്ചിൽ പൂർത്തിയാക്കി.
തമിഴ്നാട് പൊലീസിന്റെ ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ (ഡിവിഎസി) തിവാരിയെ നിയോഗിച്ച മധുരയിലെ ഇഡി ഓഫീസിലും ഉദ്യോഗസ്ഥന്റെ വസതിയിലും പരിശോധന നടത്തി. ശനിയാഴ്ച രാവിലെ വരെ നടത്തിയ തിരച്ചിലിൽ കുറ്റകൃത്യം സംബന്ധിച്ച തെളിവുകൾ ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കാനുള്ള ആവശ്യത്തെ അംഗീകരിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാരിലെ ഉന്നത വൃത്തങ്ങൾ അറിയിച്ചു.
ഒക്‌ടോബർ 30-ന് മധുരയിലെ ഇഡി ഓഫീസിലേക്ക് ഡോക്ടറെ വിളിച്ചുവരുത്തി, നിയമനടപടി ഒഴിവാക്കാൻ മൂന്ന് കോടി രൂപ കൈക്കൂലിയായി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥൻ അങ്കിത് തീവാരി ആവശ്യപ്പെട്ടു. അത് പിന്നീട് 51 ലക്ഷം രൂപ യായി കുറയ്ക്കാൻ സമ്മതിച്ചു. നവംബർ ഒന്നിന് ആദ്യ ഗഡുവായ 20 ലക്ഷം രൂപ കൈമാറിയതായി പറയപ്പെടുന്നു. തുടർന്ന് ഡോക്ടർ ഡിവിഎസിക്ക് പരാതി നൽകുകയും അതിന് ശേഷമുണ്ടായ നടപടികൾ അങ്കിത് തിവാരിയുടെ അറസ്റ്റിൽ കലാശിക്കുകയും ചെയ്തു.
മുമ്പ് ഡിവിഎസി കൈകാര്യം ചെയ്ത നിരവധി കേസുകൾ ഇഡി വീണ്ടും അന്വേഷിക്കുന്നതിനിടെയാണ് ഇത്. ഈ കേസുകളിൽ ഭൂരിഭാഗവും ഡിഎംകെ സർക്കാരിലെ മന്ത്രിമാരും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. അത്തരത്തിലൊരു കേസിലാണ് മന്ത്രി വി സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
2016 ബാച്ച് ഉദ്യോഗസ്ഥനായ അങ്കിത് തിവാരി മുമ്പ് ഗുജറാത്തിലും മധ്യപ്രദേശിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്, നിലവിൽ മധുരയിലാണ് ജോലി ചെയ്യുന്നത്. ഡിണ്ടിഗലിലെ ഒരു സർക്കാർ ഡോക്ടറിൽ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്.
അങ്കിത് തിവാരിയുടെ അറസ്റ്റിലേക്ക് നയിച്ച കേസിലെ പരാതിക്കാരനായ സർക്കാർ ഡോക്ടർ, 2018-ൽ രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസിൽ കുടുങ്ങി. ഡോക്ടർ വകുപ്പുതല നടപടി നേരിടുന്നതോടെ കേസിന്റെ നടപടികൾ പൂർത്തിയായിരുന്നു. എന്നാൽ നവംബർ ആദ്യം, ഇഡിയുടെ മധുര ഓഫീസിൽ നിന്ന് അദ്ദേഹത്തെ വിളിപ്പിച്ചു.
“തമിഴ്‌നാട്ടിലെ പ്രമുഖ വ്യക്തികൾക്കെതിരെ അവസാനിപ്പിച്ച കേസുകള്‍ ഇ ഡി വീണ്ടും ആരംഭിക്കുകയും മറ്റ് സംസ്ഥാന വിജിലൻസ് കേസുകൾക്ക് സമാനമായി ഇഡി ഡോക്ടറുടെ കേസ് വീണ്ടും ആരംഭിക്കാനുള്ള സാധ്യതയെക്കുറിച്ച് അദേഹത്തെ അറിയിച്ചിരുന്നു,” എന്ന് ഒരു മുതിർന്ന വിജിലൻസ് ഓഫീസർ പറഞ്ഞു. ഇഡി ഡോക്ടറെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും അന്വേഷണം ഒഴിവാക്കാൻ മൂന്ന് കോടി രൂപ കൈക്കൂലി നൽകാൻ നിർബന്ധിക്കുകയും ചെയ്തു. പിന്നീട് ഇത് 50 ലക്ഷം രൂപയായി കുറയ്ക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. “20 ലക്ഷം രൂപ ആദ്യം നൽകി, ബാക്കി തുക വെള്ളിയാഴ്ച രാവിലെ നൽകാം എന്നായിരുന്നു അങ്കിത് തീവാരിയുമായുള്ള ധാരണ. എന്നാൽ ഇതേകുറിച്ച് ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് അങ്കിത് തീവാരിയുടെ അറസ്റ്റ് വെള്ളിയാഴ്ച നടന്നത്,” ഉദ്യോഗസ്ഥൻ പറയുന്നു.
കൈക്കൂലി കാര്യം പരാതിക്കാരനായ ഡോക്ടർ ഡിവിഎസിയെ അറിയിക്കുകയും അവരോടൊപ്പം ചേർന്ന് അങ്കിത് തിവാരിയെ കൈയോടെ പിടികൂടുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ബാക്കി കൈക്കൂലി വാങ്ങാൻ അങ്കിത് തിവാരി ദിണ്ടിഗലിലെ ഡോക്ടറുടെ വസതിയിലെത്തി. മധുരയിലേക്കുള്ള മടക്കയാത്രയിൽ, രാവിലെ ഒമ്പത് മണിയോടെ ഡിവിഎസി ഉദ്യോഗസ്ഥർ തിവാരിയുടെ വാഹനം തടഞ്ഞ് പരിശോധന നടത്തി.
ഡിവിഎസിയുടെ മധുര വിഭാഗത്തിലെ ഡിഎസ്‌പി നാഗരാജിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് അറസ്റ്റ്.
“അങ്കിത് തിവാരി കാർ സ്വയം ഓടിക്കുകയായിരുന്നു , കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് ഞങ്ങൾക്ക് മധുര-ഡിണ്ടിഗൽ ഹൈവേയിൽ എട്ട് കിലോമീറ്ററോളം ഇ ഡി ഉദ്യോഗസ്ഥനെ ചെയ്സ് ചെയ്യേണ്ടി വന്നു. ഈ കൈക്കൂലി കേസിൽ അങ്കിത് തിവാരി മാത്രമല്ല, മധുര ഇഡി ഓഫീസിലെ ചില മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങൾക്ക് സൂചനയുണ്ട്,” ഡിവിഎസി ഉദ്യോഗസ്ഥൻ പറഞ്ഞു.
20 ലക്ഷം രൂപയുടെ 500 രൂപ നോട്ടുകളുടെ കെട്ടുകൾ ഉൾപ്പെടെ ഡോക്ടറുടെ വസതിയിൽ നടന്ന പണമിടപാടിന്റെ സിസിടിവി തെളിവുകൾ ലഭിച്ചതായി ഡിവിഎസിയിലെ ഉന്നത വൃത്തങ്ങൾ അറിയിച്ചു. മറ്റൊരിടത്തവെച്ച് 20 ലക്ഷം രൂപ നേരത്തെ നൽകിയതിന്റെ കൂടുതൽ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
നവംബർ ആദ്യം ഇഡി ഓഫീസിലേക്കുള്ള ഡോക്ടറുടെ സന്ദർശനവും ഔദ്യോഗിക സന്ദർശക എൻട്രിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു. “അങ്കിത് തിവാരിയുടെ ഓഫീസ്, താമസസ്ഥലം, ഫോൺ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ മറ്റ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. നാഗ്പൂരിലും ഗുജറാത്തിലും അങ്കിത് തിവാരി ജോലി ചെയ്തകാലത്ത് സമാനമായ പണം കൈമാറ്റത്തിൽ പങ്കെടുത്തതായും വിവരമുണ്ട്,” ഡിവിഎസി ഉദ്യോഗസ്ഥൻ പറഞ്ഞു.
ഡിവിഎസി പറയുന്നത് പ്രകാരം, അങ്കിത് തിവാരിയുടെ അറസ്റ്റിനെ തുടർന്നുള്ള തിരച്ചിലിൽ, സമാനമായ തന്ത്രങ്ങൾ ഉപയോഗിച്ച് മറ്റ് ഉദ്യോഗസ്ഥരെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നതിനോ ഭീഷണിപ്പെടുത്തുന്നതിനോ അങ്കിത് തിവാരിയുടെ പങ്കാളിത്തം ചൂണ്ടിക്കാണിക്കുന്ന രേഖകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും പൊലിസ് പറഞ്ഞു.
“തുടക്കത്തിൽ, ഞങ്ങൾക്ക് സേര്‍ച്ച് ചെയ്യാന്‍ കഴിയില്ലെന്ന് അവർ പറഞ്ഞു, അനുമതിക്കായി കാത്തിരിക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടു. എന്നാൽ ഞങ്ങൾ അവരെ വാറണ്ട് കാണിക്കുകയും അങ്കിത് തിവാരിയുടെ ഓഫീസ് സേര്‍ച്ച് ചെയ്യാനാണ് വന്നതെന്നും അല്ലാതെ മുഴുവൻ പരിശോധികാനല്ല ഞങ്ങൾ വന്നതെന്ന് വ്യക്തമാക്കിയപ്പോൾ അവർ സമ്മതിച്ചു. ഇ ഡി യുടെ മധുര ഓഫീസിലെ തിരച്ചിൽ സംബന്ധിച്ച് ഒരു DVAC ഉദ്യോഗസ്ഥൻ പറഞ്ഞു.
ചെന്നൈയിലെ ഇഡി ഓഫീസിന് സുരക്ഷ ശക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.