ചെന്നൈ: തമിഴ്നാട്ടില്‍ ഇന്നു മുതല്‍ പെപ്സി, കൊക്കകോള ഉത്പന്നങ്ങളുടെ വിൽപ്പന വ്യാപാരികളുടെ സംഘടന വിലക്കി. വ്യാപാരി വ്യവസായി സംഘടനയുടെ നിർദേശത്തെത്തുടർന്നാണ് സംസ്ഥാനത്ത് ഇവയുടെ വിൽപ്പന വിലക്കാൻ തീരുമാനിക്കുന്നത്. കടുത്ത വരള്‍ച്ച മൂലം കര്‍ഷകര്‍ ദുരിതം അനുഭവിക്കുമ്പോൾ ഭൂഗർഭ ജലത്തിൽ നിന്ന് ശീതളപാനീയങ്ങള്‍ ഉത്പാദിപ്പിക്കുന്നത് തടയുകയെന്ന ലക്ഷ്യംകൂടി ഇതിനു പിന്നിലുണ്ട്.
തമിഴ്നാട് ട്രേഡേഴ്സ് ഫെഡറേഷന്, തമിഴ്നാട് വണികര്‍ കൂട്ടമൈപ്പു പേരവൈ എന്നീ സംഘടനകളാണ് പെപ്സി, കൊക്കക്കോള ഉത്പന്നങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയത്. സംഘടനയില്‍ അംഗങ്ങളായ 15 ലക്ഷം വ്യാപാരികളോട് പെപ്സി, കൊക്കക്കോള ഉത്പന്നങ്ങള്‍ മാര്‍ച്ച് ഒന്നു മുതല്‍ കടകളില്‍ വില്പന നടത്തരുതെന്ന് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.
കോക്ക്,പെപ്സി ഉത്പന്നങ്ങളില്‍ വിഷാംശമുള്ളതായി പരിശോധനകളില്‍ വ്യക്തമായെന്നും അതുകൊണ്ടാണ് ഈ നിലപാട് സ്വീകരിക്കുന്നത് എന്നുമാണ് വ്യാപാരി സംഘടനകളുടെ നിലപാട്. സംഘടനയുടെ തീരുമാനം ലംഘിച്ച് ഉത്പന്നങ്ങള്‍ വിൽക്കുകയാണെങ്കിൽ കടയുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യാപാരി വ്യവസായി സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തമിഴ്നാടിനെ ഇളക്കിമറിച്ച ജെല്ലിക്കെട്ട് പ്രക്ഷോഭത്തോട് അനുബന്ധിച്ചാണ് പെപ്സി, കൊക്കക്കോള ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാനും ആഹ്വാനമുയര്‍ന്നത്.