/indian-express-malayalam/media/media_files/uploads/2019/08/Tamil.jpg)
ചെന്നൈ: തമിഴ്‌നാട്ടില്‍ ഭീകര സംഘടനയായ ലഷ്‌കറെ തയിബയുടെ ആറംഗ സംഘം എത്തിയതായി രഹസ്യാന്വേഷണ വിഭാഗം. ഇതോടെ ചെന്നൈ അടക്കമുള്ള നഗരങ്ങളില്‍ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു. ശ്രീലങ്കയില്‍ നിന്നും കടല്‍ വഴിയാണ് തമിഴ്‌നാട്ടിലെത്തിയതെന്നാണ് വിവരം.
സംഘത്തില്‍ ഒരു മലയാളിയുമുണ്ടെന്ന് സ്ഥിരീകരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീമാണ് സംഘത്തിലെ മലയാളി എന്നാണ് വിവരം. ഇയാളുടെ സഹായത്തോടെയാണ് തമിഴ്‌നാട് തീരത്തിലെത്തിയതെന്നാണ് വിവരം. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും അതീവ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഇത് സംബന്ധിച്ച് നിർദേശം നല്‍കിയിട്ടുണ്ട്.
ഭീകരര്‍ കോയമ്പത്തൂരിലേക്ക് കടന്നതായാണ് വിവരം. ഇതേതുടര്‍ന്ന് ഇന്നലെ രാത്രി 11.30 ഓടെ പൊലീസിന് ജാഗ്രതാ നിർദേശം നല്‍കുകയായിരുന്നു. റെയിൽവേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ആരാധനാലയങ്ങള്‍, ആളുകൂടുന്ന മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കാന്‍ നിർദേശം നല്‍കിയിട്ടുണ്ട്. സംഘത്തില്‍ ആറ് പേരാണുള്ളത്. ഇതില്‍ നാല് പേര്‍ ശ്രീലങ്കന്‍ വംശജരും ഒരാള്‍ പാക്കിസ്ഥാനിയുമാണ്.
പാക് സ്വദേശിയായ ഇല്യാസ് അന്‍വറാണ് സംഘത്തിലുള്ളതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും പരിശോധന കര്‍ശനമാക്കും. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയിൽപെട്ടാല്‍ 112 എന്ന നമ്പരിലോ സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ (0471 2722500) അറിയിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.