ചെന്നൈ: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടില്‍ കര്‍ഷകര്‍ ശക്തമായ പ്രക്ഷോഭം നടത്തുന്നതിനിടെ സംസ്ഥാനത്തെ സാമാജികരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ട് പ്രഖ്യാപനം. എംഎല്‍എമാരുടെ ശമ്പളം ഇരട്ടയാക്കിയാണ് വർദ്ധിപ്പിച്ചത്. പ്രതിമാസ ശമ്പളത്തില്‍ അമ്പതിനായിരം രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. ശമ്പളത്തിനു പുറമെ പെന്‍ഷനും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

വര്‍ദ്ധനവു പ്രകാരം എംഎല്‍എ മാരുടെ ശമ്പളം പ്രതിമാസം 1.05 ലക്ഷമായും പെന്‍ഷന്‍ 20,000 രൂപയുമായി. പുതിയ ശമ്പള-പെന്‍ഷന്‍ വര്‍ദ്ധന ജൂലായ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. തദ്ദേശ്ശ സ്ഥാപനങ്ങള്‍ക്കുള്ള എംഎല്‍എ മാരുടെ വിഹിതം രണ്ടു കോടിയില്‍ നിന്ന് 2.5 കോടിയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വര്‍ദ്ധന പ്രഖ്യാപനം മുഖ്യമന്ത്രി ഇ.പളനിസ്വാമി ബുധനാഴ്ചയാണ് മന്ത്രിസഭയില്‍ നടത്തിയത്.

ഇതിനിടെ, ശമ്പള വര്‍ധനയ്ക്കായി പാര്‍ലമെന്റിലും സമാനമായ ആവശ്യം ഉയര്‍ന്നു. എംപിമാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്ന് സമാജ്വാദി പാര്‍ട്ടിയുടെ രാജ്യസഭാ എംപി നരേഷ് അഗര്‍വാള്‍ ഇന്ന് രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ സെക്രട്ടറിമാരേക്കാള്‍ കുറഞ്ഞ ശമ്പളമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആനന്ദ് ശര്‍മയും ഇതേ ആവശ്യം ഉന്നയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ