ചെന്നൈ: ആദിവാസി വിഭാഗത്തില്‍പ്പെട്ട ബാലനെ കൊണ്ട് തന്റെ ചെരുപ്പ് ഊരിച്ച തമിഴ്‌നാട് മന്ത്രിക്കെതിരെ പ്രതിഷേധം ശക്തം. എഐഎഡിഎംകെ നേതാവും വനം മന്ത്രിയുമായ ഡിണ്ടിഗല്‍ സി.ശ്രീനിവാസനെതിരെയാണു ജനരോഷമുയര്‍ന്നത്.

കേരള അതിര്‍ത്തിയിലെ മുതുമല കടുവാ സംരക്ഷണകേന്ദ്രത്തിനു സമീപത്തെ വിനായകര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനാണു കുട്ടിയെക്കൊണ്ട് മന്ത്രി ശ്രീനിവാസന്‍ ചെരുപ്പൂരിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ മന്ത്രിയുടെ നടപടി ജാതി മേധാവിത്വത്തിന്റെ പ്രതിഫലനമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി.

മുതുമല കടുവാ സംരക്ഷണകേന്ദ്രത്തില്‍ കുങ്കിയാനകള്‍ക്കുള്ള 48 ദിവസത്തെ സുഖചികിത്സാ ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. ക്യാമ്പ് ഉദ്ഘാടനത്തിനു മുന്‍പ് ഒരു കൂട്ടം വനം ഉദ്യോഗസ്ഥരുടെയും പ്രാദേശിക എഐഎഡിഎംകെ നേതാക്കളുടെയും അകമ്പടിയോടെയാണു ശ്രീനിവാസന്‍ ക്ഷേത്രത്തിലെത്തിയത്.

Read Also: രാഹുലിനെ ‘ട്യൂബ് ലെെറ്റ്’ എന്നു പരിഹസിച്ച് മോദി; തൊഴിലില്ലായ്‌മയെ കുറിച്ച് ഒന്നും പറയാനില്ലേ എന്ന് രാഹുൽ

തന്റെ ചെരുപ്പുകള്‍ നീക്കംചെയ്യാന്‍ മന്ത്രി രണ്ട് ആണ്‍കുട്ടികളോട് ആജ്ഞാപിക്കുന്നതു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. ആണ്‍കുട്ടികള്‍ മന്ത്രിക്കടുത്തേക്ക് വരുന്നതും അവരിലൊരാള്‍ മുട്ടുകുത്തി ചെരുപ്പ് ഊരുന്നതും വീഡിയോയില്‍ വ്യക്തമാണ്.

അതേസമയം, തന്റെ പ്രവൃത്തിക്കുപിന്നില്‍ ഒരു ലക്ഷ്യവുമുണ്ടായിരുന്നില്ലെന്നാണു മന്ത്രി ശ്രീനിവാസന്റെ പ്രതികരണം. കുട്ടികളെ തന്റെ കൊച്ചുമക്കളായാണു കരുതുന്നതെന്നും പ്രാദേശിക ചാനലായ ‘പുതിയതലൈമുറൈ’യോട് പറഞ്ഞു.

എന്നാല്‍ മന്ത്രിയുടെ പെരുമാറ്റത്തെ, കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരേതര സന്നദ്ധസംഘടനയായ തോഴാമൈയുടെ ഡയറക്ടര്‍ ദേവനിയന്‍ അപലപിച്ചു. ”ഇതു ജാതിമേധാവിത്ത പ്രവൃത്തിയാണ്. അദ്ദേഹം ആണ്‍കുട്ടികളെ ‘വാങ്ക ഡാ ഡേയ്’ എന്നാണു വിളിച്ചത്. കുട്ടികള്‍ക്കും അന്തസുണ്ടെന്ന കാര്യം അദ്ദേഹം മറന്നോ? അദ്ദേഹം മന്ത്രിയാണ്, കുട്ടികളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. തന്റെ ചെരുപ്പുകള്‍ നീക്കംചെയ്യാന്‍ നിര്‍ബന്ധിക്കുന്നതിനുപകരം എന്തുകൊണ്ടാണ് അവര്‍ സ്‌കൂളില്‍ പോകാത്തതെന്നു ചോദിക്കണം. എന്തു മാതൃകയാണ് അദ്ദേഹം സൃഷ്ടിക്കുന്നത്?,”ദേവനിയന്‍ ചോദിച്ചു.

മന്ത്രിക്കെതിരെ സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കണം. സംഭവത്തില്‍ തമിഴ്നാട് ബാലാവകാശ കമ്മിഷന്‍ ഇടപെടണം. പട്ടികജാതി-വര്‍ഗ അതിക്രമ നിയമപ്രകാരം മന്ത്രിക്കെതിരെ കേസെടുക്കണമെന്നും ദേവനിയന്‍ ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook