ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മകനെന്ന അവകാശവാദവുമായി യുവാവ് രംഗത്ത്. ഇ റോഡ് സ്വദേശിയായ കൃഷ്‌ണമൂർത്തിയാണ് ജയലളിതയുടെ ഏകമകനാണെന്ന് അവകാശപ്പെട്ട് തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്. ജയലളിതയെ കൊലപ്പെടുത്തിയതാണെന്നും കൃഷ്‌ണമൂർത്തി കത്തിൽ പറയുന്നു.

ജയലളിതയുടെ സുഹൃത്ത് വനിതാമണിയുടെ വീട്ടിൽ തന്നെ എടുത്തുവളര്‍ത്തിയ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയാണ്. ജയലളിതയുടെ സ്വത്തുക്കളുടെ ഏക അവകാശി താനാണെന്നും യുവാവ് പറയുന്നു.

കഴിഞ്ഞ വർഷം സെപ്‌റ്റംബർ 14ന് ജയലളിതയെ പോയസ് ഗാർഡനിലെ വസതിയിൽ സന്ദർശിച്ചിരുന്നു. നാല് ദിവസം അവിടെ താമസിച്ചു. തന്നെ മകനായി ലോകത്തിനു മുന്നിൽ അംഗീകരിക്കാൻ ജയലളിത തയാറെടുക്കുകയായിരുന്നെന്നും ശശികലയുമായി വാക്കേറ്റം നടക്കാൻ ഇത് കാരണമായെന്നുമാണ് കൃ‌ഷ്‌ണമൂർത്തിയുടെ വെളിപ്പെടുത്തൽ.

ജയലളിതയെ ശശികല വീട്ടിലെ കോണിപ്പടിയുടെ മുകളിൽ നിന്ന് തളളിയിട്ടെന്നും യുവാവ് ആരോപിക്കുന്നു. ജീവനിൽ ഭയമുളളതുകൊണ്ടാണ് ഇത്രയും കാലം ഇത് വെളിപ്പെടുത്താതിരുന്നത്. ഇപ്പോൾ ധൈര്യം സംഭരിച്ചാണ് ഇതെല്ലാം പറയുന്നതെന്നുമാണ് യുവാവ് പറയുന്നത്.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കൃഷ്‌ണമൂര്‍ത്തി ചീഫ് സെക്രട്ടറിക്ക് പുറമേ സാമൂഹ്യപ്രവര്‍ത്തകര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. കുറച്ച് നാൾ മുൻപ് സമാന അവകാശങ്ങളുമായി പ്രിയ ലക്ഷ്‌മി എന്ന യുവതി രംഗത്തെത്തിയിരുന്നു. ജയലളിതയുടെയും എംജിആറിന്റെയും മകളാണെന്നാണ് യുവതി അവകാശപ്പെട്ടത്. പിന്നീട് ഇത് വ്യാജമാണെന്ന് കണ്ടെത്തി പൊലീസ് യുവതിയെ അറസ്റ്റ് ചെയ്‌തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ