ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട നിവാര്‍ ചുഴലിക്കാറ്റ് ബുധനാഴ്ച രാത്രിയോടെ തമിഴ്നാട്-പുതുച്ചേരി തീരം തൊട്ടേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാറ്റ് തീരം തൊടാനിരിക്കെ അടിയന്തര സാഹചര്യം നേരിടാന്‍ വേണ്ട നടപടികൾ തമിഴ്നാട് സ്വീകരിച്ചിട്ടുണ്ട്.
ചെന്നൈ നഗരത്തിലടക്കം കനത്ത മഴയിൽ ജലനിരപ്പ് ഉയർന്ന് പ്രദേശങ്ങൾ വെള്ളക്കെട്ടിനടിയിലായിട്ടുണ്ട്. മുൻകരുതൽ നടപടികളുടെ ഭാഗമായി ചെന്നൈ വിമാനത്താവളം അടച്ചിട്ടു. വ്യാഴാഴ്ച (നവംബർ 26) രാവിലെ ഏഴ് മണിവരെയാണ് വിമാനത്താവളം അടച്ചിട്ടത്.
സംസ്ഥാനത്തെ 13 ജില്ലകളിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പൊതു അവധി പ്രഖ്യാപിച്ചു. ചെന്നൈ, വെല്ലൂർ, കടലൂർ, വിഴുപ്പുരം, നാഗപട്ടണം, തിരുവാരൂർ, ചെങ്കൽപേട്ട്, കാഞ്ചീപുരം, തഞ്ചാവൂർ, മയിലാദുംതുറൈ, തിരുവണ്ണാമലൈ, അരിയലൂർ, പെരിയാനൂർ ജില്ലകളിലാണ് നവംബർ 26 പൊതു അവധിയായി പ്രഖ്യാപിച്ചത്.
അതിനിടെ, കനത്തമഴയില്‍ വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ചെമ്പരമ്പാക്കം തടാകം തുറന്നുവിട്ടു. ആദ്യഘട്ടത്തില്‍ 1,000 ക്യുസെക് വെള്ളമാണ് പുറത്തുവിടുന്നത്. ജലപ്രവാവഹത്തിനനുസരിച്ച് കൂടുതല്‍ തുറന്നുവിടാന്‍ സാധ്യതയുണ്ട്. 2015ലെ ചെന്നൈ വെള്ളപ്പൊക്കത്തിലാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ അവസാനമായി തുറന്നത്.
ചെമ്പരമ്പാക്കം അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ അഡയാര്‍ നദിക്കരയിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറാന്‍ വിശാല ചെന്നൈ കോര്പ്പറേഷന് (ജിസിസി) നിര്‍ദേശിച്ചിട്ടുണ്ട്. നഗരത്തിലുടനീളം 169 ദുരിതാശ്വാസ കേന്ദ്രങ്ങളാണു തുറന്നിരിക്കുന്നത്.
Express photo: Janardhan Koushik
Express photo: Janardhan Koushik
1,200 ഓളം ദേശീയ ദുരന്ത നിവാരണ (എൻഡിആർഎഫ്) രക്ഷാപ്രവർത്തകരെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. മുൻ കരുതൽ നടപടിയുടെ ഭാഗമായി തമിഴ്നാട്ടില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യ സേവനങ്ങള്‍ മാത്രമാണുള്ളത്. ആറ് ജില്ലകളിലെ ബസ് സര്‍വീസുകളും ചെന്നൈയില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ചെന്നൈ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് രാവിലെ 10നുശേഷം നിര്‍ത്തി.
ചുഴലിക്കാറ്റിനെത്തുടർന്ന് ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ബെംഗളൂരു ചെന്നൈ റൂട്ടിലെ ട്രെയിനുകൾ റദ്ദാക്കിയതായെ ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. നിവാർ ചുഴലിക്കാറ്റിന്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തിൽ ഇവ ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള ഏതാനും സ്പെഷ്യൽ ട്രെയിൻ സർവീസുകൾ റദ്ദാക്കുന്നതായി ദക്ഷിണ റെയിൽവേ അറിയിച്ചു.