ചെന്നൈ: വനിതാ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ബിജെപി നേതാവ് എസ്.വി.ശേഖറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകര്‍ ചെന്നൈയിലെ ബിജെപി ആസ്ഥാനത്തിനു മുന്നില്‍ ഒത്തുകൂടി. സംഭവത്തില്‍ തന്റെ ഭാഗത്തു നിന്നു സംഭവിച്ചത് തെറ്റാണെന്നും അറിയാതെയാണ് പോസ്റ്റ് ഷെയര്‍ ചെയ്തതെന്നും പറഞ്ഞ് എസ്.വി.ശേഖര്‍ നിരുപാധികം മാപ്പു പറഞ്ഞു.

വനിതാ മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുന്ന തരത്തിലുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിനെതിരെയാണ് പ്രതിഷേധം. സര്‍വ്വകലാശാലകളില്‍ നടക്കുന്നതിനെക്കാള്‍ ലൈംഗിക ചൂഷണം ന്യൂസ് റൂമുകളിലാണ് നടക്കുന്നതെന്നും, ഒരു സ്ത്രീക്ക് തന്റെ മാധ്യമസ്ഥാപനത്തിലെ ഉന്നതര്‍ക്കൊപ്പം ശയിക്കാതെ, മികച്ച റിപ്പോര്‍ട്ടറോ, വാര്‍ത്താവതാരകയോ ആകാന്‍ സാധിക്കില്ലെന്നും ഈ പോസ്റ്റില്‍ പറയുന്നുണ്ട്. എന്നാല്‍ താന്‍ ശരിക്കും വായിക്കാതെയാണ് ആ പോസ്റ്റ് ഷെയര്‍ ചെയ്തത് എന്ന് അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

പത്രസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ തമിഴ്നാട് ഗവര്‍ണര്‍ ബനവരിലാല്‍ പുരോഗിത് മാപ്പു പറഞ്ഞതിന് പുറകെയായിരുന്നു ഈ സംഭവം. ഒരു ദേശീയ മാസികയുടെ റിപ്പോര്‍ട്ടറായ ലക്ഷ്മി സുബ്രഹ്മണ്യനാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം ഉണ്ടായത്. ഇതിന് ശേഷം താന്‍ നിരവധി തവണ മുഖം കഴുകിയതായും ഗവര്‍ണറുടെ പ്രവൃത്തി മോശമായിപ്പോയെന്നും മാധ്യമപ്രവര്‍ത്തക ട്വീറ്റ് ചെയ്തു. ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രീയ- സാംസ്‌കാരിക മേഖലകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകയ്ക്ക് എഴുത്തിയ കത്തിലാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്. തന്നോട് ചോദിച്ച നല്ല ചോദ്യത്തെ അഭിനന്ദിച്ച് കൊണ്ടാണ് താന്‍ കവിളില്‍ തൊട്ടതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ‘ഒരു പേരക്കുട്ടിയെ പോലെ കണ്ടാണ് ഞാന്‍ അത് ചെയ്തത്. മാധ്യമപ്രവര്‍ത്തക എന്ന നിലയിലുളള നിങ്ങളുടെ മികച്ച പ്രകടനത്തെ അഭിനന്ദിക്കാന്‍ മാത്രമാണ് ശ്രമിച്ചത്. വേദനിപ്പിച്ചുവെന്ന് മനസിലാകുന്നത് കൊണ്ട് തന്നെ ഞാന്‍ ക്ഷമാപണം നടത്തുന്നു’, അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ