ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഏഴ് പ്രതികളിൽ ഒരാളായ നളിനി ശ്രീഹരന് പരോൾ അനുവദിക്കുന്നത് പരിഗണനയിലാണെന്ന് തമിഴ്നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.
നളിനിയുടെ അമ്മ പത്മയുടെ ഹർജി ജസ്റ്റിസുമാരായ പി എൻ പ്രകാശ്, ആർ ഹേമലത എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് പരിഗണിക്കവെയാണ് പബ്ലിക് പ്രോസിക്യൂട്ടർ മുഹമ്മദ് ഹസൻ ജിന്ന ഇക്കാര്യം കോടതിയെ അറിയിച്ചത്.
താൻ വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുകയാണെന്നു മകൾ അടുത്ത് വേണമെന്നുണ്ടെന്നും പത്മ തന്റെ ഹർജിയിൽ പറയുന്നു. മകൾക്ക് ഒരു മാസത്തെ പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ഹർജി സർക്കാരിന്റെ പരിഗണനയിലാണെന്നും ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാൻ കുറച്ചുകൂടി സമയം അനുവദിക്കണമെന്നും ജിന്ന കോടതിയോട് ആവശ്യപ്പെട്ടു. ആവശ്യം പരിഗണിച്ച കോടതി മൂന്ന് ദിവസത്തെ സമയം അനുവദിച്ചു. 23-ാം തീയതി ഹര്‍ജി വീണ്ടും പരിഗണിക്കും.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1991 മേയ് 21 നാണ് ശ്രീപെരുമ്പത്തൂരിൽ എൽടിടിഇയുടെ ചാവേറാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. മുരുകൻ, ശാന്തൻ, പേരറിവാളൻ, ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ, നളിനി എന്നീ ഏഴുപേരാണ് കൊലപാതകവുമായി ബന്ധപ്പെട്ട് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്.
Also Read: പാനമ കേസ്: ഐശ്വര്യ റായിയെ ഇഡി ചോദ്യം ചെയ്തു