ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ജുഡീഷ്യൽ അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ജയലളിതയുടെ ഔദ്യോഗിക വസതിയായിരുന്ന പോയസ് ഗാർഡൻ മ്യൂസിയമാക്കാനും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനി സ്വാമി തീരുമാനിച്ചു.

വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ കമ്മീഷനായിരിക്കും ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുക. എഐഡിഎംകെയിലെ വിമത പക്ഷമായ പനീർസെൽവം പക്ഷത്തിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ജയയുടെ മരണത്തെക്കുറിച്ചുളള ജൂഡീഷ്യൽ അന്വേഷണം.

എഐഡിഎംകെയിലെ വിമതപക്ഷത്തെ അനുനയിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോഴത്തെ തീരുമാനമെന്നാണ് വിലയിരുത്തൽ . വിമത നേതാവ് പനീർസെൽവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്. നിലവിലെ മുഖ്യമന്ത്രിയായ എടപ്പാടി പളനി സ്വാമിയുടെ നേത്രത്വത്തിൽ നടത്തിയ അനുരഞ്ജന ചർച്ചകൾക്കൊടുവിലാണ് ജയലളിതയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടത്.

2016 നവംമ്പർ 26 നായിരുന്നു ജയലളിത മരിച്ചത്. അപ്പോളോ ആശുപത്രിയിൽ 26 ന് രാത്രി 11.30നായിരുന്നു അന്ത്യം . പനിയെ തുടർന്ന് സെപ്തംബർ 22നാണ് ജയലളിതയെ ആദ്യം ആശുപത്രിയിലാക്കിയത് .

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook