ചെന്നൈ : ശ്രീ ലങ്കയില്‍ തടവില്‍ കഴിയുന്ന നാല്‍പത്തിയൊമ്പത് മത്സ്യബന്ധനതൊഴിലാളികളെയും പന്ത്രണ്ട് ബോട്ടുകളും ഉടനടി മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് തമിഴ്നാട്ടിലെ മത്സ്യബന്ധനതൊഴിലാളികള്‍ അനിശ്ചിതകാലസമരം പ്രഖ്യാപിച്ചു.

പുതുക്കോട്ട, രാമനാഥപുരം ജില്ലകളിലെ മത്സ്യബന്ധനതൊഴിലാളികളാണ് മോചനനടപടികള്‍ ത്വരിതപ്പെടുത്താനാവശ്യപ്പെട്ടുകൊണ്ട് സംയുക്തമായി സമരം ആരംഭിച്ചിരിക്കുന്നത്. കടലതിര്‍ത്തി ലംഘിച്ചുവെന്ന ആരോപണത്തിന്മേലാണ് പ്രദേശത്തെ 49 ഇന്ത്യന്‍ പൗരന്മാരെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റുചെയ്തത്. പാല്‍ക് കടലിടുക്കിലും മത്സ്യബന്ധനം നടത്തുവാനുള്ള അനുമതി ഉണ്ടാവണം എന്നാണു തമിഴ്നാട്ടിലെ മത്സ്യബന്ധനതൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.

ഇതുസംബന്ധിച്ച് തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ശ്രീലങ്കയിലെ ജയിലുകളില്‍ കഴിയുന്ന 64 മത്സ്യബന്ധനതൊഴിലാളികളെയും 125 യന്ത്രവത്കൃത ബോട്ടുകളെയും സുരക്ഷിതമായി മോചിപ്പിക്കണം എന്നാണു പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തില്‍ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ