ചെന്നൈ: ആഴ്ച്ചകളായി ജന്തര്‍മന്ദറില്‍ പ്രതിഷേധം തുടരുന്ന തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പുറത്ത് നഗ്നരായി പ്രതിഷേധിച്ചു. പ്രശ്ന പരിഹാരത്തിന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച ആവശ്യപ്പെട്ട കര്‍ഷകര്‍ക്ക് പ്രധാനമന്ത്രിയെ കാണാമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് ഇത് നിഷേധിക്കുകയായിരുന്നു. ഡല്‍ഹിയിലെത്തിയ കര്‍ഷകരോട് നിവേദനം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നല്‍കി തിരികെ പോകാനാണ് അറിയിപ്പ് ലഭിച്ചത്.

ഇവരെ പൊലീസ് വാഹനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പുറത്തേക്ക് കൊണ്ടു പോകുമ്പോഴാണ് ഒരു കര്‍ഷകന്‍ ചാടിയിറങ്ങി തുണിയുരിഞ്ഞ് പ്രതിഷേധിച്ചത്. പിന്നാലെ മറ്റ് രണ്ട് കര്‍ഷകര്‍ കൂടി നഗ്നരായി മുദ്രാവാക്യം മുഴക്കി പ്രധാനമന്ത്രിയുടെ ഓഫീസിന് പുറത്ത് പ്രതിഷേധിച്ചു.

വരള്‍ച്ചാ ദുരിതാശ്വാസത്തിനും കര്‍ഷക പ്രശ്നങ്ങള്‍ക്കും പരിഹാരം പരിഹാരമായില്ലെങ്കില്‍ ജീവനൊടുക്കുമെന്നാണ് നേരത്തേ കര്‍ഷകര്‍ ഭീഷണി മുഴക്കിയത്. ദുരിതാശ്വാസത്തിന് കേന്ദ്രസര്‍ക്കാര്‍ 40,000 കോടി രൂപ പ്രഖ്യാപിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

ഏകദേശം നാല് ആഴ്ചയോളമായി വ്യത്യസ്ഥമായ രീതികളിലൂടെ തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ അര്‍ഹമായ വരള്‍ച്ച ദുരിതാശ്വാസ ഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് സമരം ചെയ്യുന്നത്. കഴിഞ്ഞ 140 വര്‍ഷങ്ങളിലെ ഏറ്റവും ദുസഹമായ വരള്‍ച്ചാ വര്‍ഷമായാണ് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ഈ വര്‍ഷത്തില്‍ നേരിടുന്നത്. ആറ് മാസത്തിനുള്ളില്‍ വരള്‍ച്ചയെ തുടര്‍ന്നുണ്ടായ നഷ്ടത്തില്‍ നാനൂറോളം കര്‍ഷകരാണ് തമിഴ്നാട്ടില്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടി മാലയണിഞ്ഞും ചത്ത പാന്പിനെയും എലിയേയും കടിച്ചും കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു.

തമിഴ്‌നാട്ടിലെ വരള്‍ച്ച പ്രശ്‌നത്തിന് പരിഹാരം കാണുന്ന രീതിയല്‍ കാവേരി നദീപ്രശ്‌നത്തിന് പരിഹാരം കാണണം, കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളണം, അറുപത് വയസ്സ് കഴിഞ്ഞ കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളുമായാണ് ഇവര്‍ സമരം ചെയ്യുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook