ചെന്നൈ: തമിഴ്നാട് മുൻമുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം.കരുണാനിധിയെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം എന്നിവർ കാവേരി ആശുപത്രിയിലെത്തി സന്ദർശിച്ചു. കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അദ്ദേഹത്തെ സന്ദർശിച്ചശേഷം എടപ്പാടി പളനിസ്വാമി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് എന്നിവരും കരുണാനിധിയെ ഇന്നലെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. ”കാവേരി ആശുപത്രിയിലെത്തി കരുണാനിധിയെ സന്ദർശിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും ഡോക്ടർമാരുമായും അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് സംസാരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അദ്ദേഹം പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു”, കരുണാനിധിയെ ആശുപത്രിയിലെത്തി സന്ദർശിച്ചശേഷം വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്തു.
കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്നാണ് മെഡിക്കൽ റിപ്പോർട്ട്. കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഇന്നലെ രാത്രി പുറത്തിറക്കിയ പുതിയ മെഡിക്കൽ ബുളളറ്റിനിൽ കാവേരി ആശുപത്രി അധികൃതർ അറിയിച്ചു.
ഗോപാലപുരത്തെ വീട്ടിൽ നിന്നും 27-ാം തീയതി അർധരാത്രിയോടെയാണ് കരുണാനിധിയെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ആരോഗ്യസ്ഥിതി ഗുരുതരമായതോടെ ഗോപാലപുരത്തെ വീട്ടിൽനിന്നും ചെന്നൈ അൽവാർപേട്ടിലെ കാവേരി ആശുപത്രിയിലേക്ക് കരുണാനിധിയെ മാറ്റുകയായിരുന്നു. അദ്ദേഹത്തെ പിന്നീട് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.