ചെന്നൈ: ഗര്‍ഭിണിയായ യുവതിക്ക് രക്തദാനം നടത്തിയ എച്ച്ഐവി ബാധിതനായ കൗമാരക്കാരന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്നാട്ടിലെ സാട്ടുരിലെ സർക്കാർ ആശുപത്രിയിലെ ചികിത്സാ പിഴവിന്റെ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഗർഭിണിയായ 23കാരി രക്തക്കുറവിനെത്തുടർന്ന് ചികിത്സയിലായിരുന്നു. ബ്ലഡ് ബാങ്ക് വഴിയാണ് യുവതിക്കായി രക്തം എത്തിയത്. ഡിസംബര്‍ 3ന് ആണ് ആശുപത്രിയിലെത്തിയ യുവതിയോട് രക്തം അവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. തുടര്‍ന്ന് നാല് ദിവസത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് യുവതി സ്വീകരിച്ചത് എച്ച്ഐവി ബാധിതന്റെ രക്തമാണെന്ന് തിരിച്ചറിഞ്ഞത്.
കൗമാരക്കാരന് രക്തദാനം നടത്തിയ ശിവകാശിയിലെ സര്‍ക്കാർ ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് ഇത്തരമൊരു സംഭവത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.
2016 ലാണ് തന്റെ സ്വദേശമായ ശിവകാശിയിൽ വച്ച് കൗമാരക്കാരന് രക്തദാനം നടത്തിയത്. അന്ന് തന്നെ എച്ച്ഐവി ബാധിതനാണെന്ന് കണ്ടെത്തിയിരുന്നുവെങ്കിലും ഇയാളെ അറിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇയാള്‍ ഒരു യാത്രയിലായിരുന്നുവെന്നും ആശുപത്രിയില്‍ എത്തണമെന്ന് നിര്‍ദേശിച്ചിരുന്നതായും അധികൃതര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് ഈ രക്തം ബ്ലഡ് ബാങ്കില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. ഈ രക്തമാണ് യുവതിക്ക് നൽകിയതെന്നാണ് വിരുദനഗർ ഹെൽത്ത് സര്‍വീസസ് ജോയിന്റ് ഡയറക്ടറർ അറിയിച്ചത്.
പിന്നീട് ഒരു വിദേശയാത്ര സംബന്ധമായി മെഡിക്കൽ ചെക്കപ്പ് നടത്തുന്നതിനിടെയാണ് താൻ എച്ച്ഐവി ബാധിതനാണെന്ന് കൗമാരക്കാരന് തിരിച്ചറിഞ്ഞത്. തുടർന്ന് ശിവകാശി സർക്കാർ ആശുപത്രിയിലെത്തിയ ഇയാൾ തന്റെ രക്തദാന റിപ്പോർട്ടുകൾ ആവശ്യപ്പെട്ടു. ഇവിടെ രണ്ടാമത് നടത്തിയ ചെക്കപ്പിൽ എച്ച്ഐവി സ്ഥിരീകരിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ ആശുപത്രി അധികൃതർ നടത്തിയ അന്വേഷണത്തിൽ രക്തം സട്ടുർ സർക്കാർ ആശുപത്രിയിലെത്തിയെന്നും അവിടെ ഗർഭിണിയായ യുവതിക്ക് നൽകിയെന്നും തെളിഞ്ഞു. തുടർന്ന് യുവതിയെ വിളിച്ചു വരുത്തി നടത്തിയ പരിശോധനയിൽ ഇവർക്കും എച്ച്ഐവി സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ ഉദ്യോഗസ്ഥർ, തമിഴ്നാട് എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റി ഡെപ്യൂട്ടി ഡയറക്ടർ തുടങ്ങിയവരെ ഉൾപ്പെടുത്തി അന്വേഷണ സംഘം രൂപീകരിച്ചു. ഇവരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ശിവകാശി സർക്കാർ ആശുപത്രിയിലെ രണ്ട് ലാബ് ടെക്നീഷ്യൻമാരെയും കൗൺസിലറെയും സസ്പെൻഡ് ചെയ്യുകയും ചെയ്തു.
എച്ച്ഐവി ബാധിതയായ യുവതിക്ക് മെച്ചപ്പെട്ട ചികിത്സ തന്നെ നൽകുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. ഇവർക്ക് നഷ്ടപരിഹാരവും ഭർത്താവിന് സർക്കാർ ജോലിയും അധികതർ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം സംഭവത്തില്‍ എന്ത് നടപടി എടുത്തെന്ന് ജനുവരി 3നകം സര്‍ക്കാര്‍ അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി അറിയിച്ചു.