ചെന്നൈ: എഐഎഡിഎംകെയിലെ രണ്ട് വിഭാഗവും ലയനത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയായും, നിലവിലെ മുഖ്യമന്ത്രി ഇകെ പളനിസ്വാമിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായും നിയമിച്ചാണ് ഇരു വിഭാഗവും തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തുന്നത്. ശശികലയെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്താണ് പളനിസ്വാമിയെ നിയമിക്കുക.

ലയനം സംബന്ധിച്ച് ധാരണയിലെത്തിയെന്നും ഇരുവിഭാഗത്തിലേയും നേതാക്കള്‍ തമ്മില്‍ ഔദ്യോഗിക ചര്‍ച്ച നടത്തുമെന്നും എഐഎഡിഎംകെയിലെ മുതിര്‍ന്ന നേതാവ് ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു. ആദായനികുതി റെയ്ഡില്‍ കുടുങ്ങിയ ആരോഗ്യമന്ത്രി സി വിജയഭാസ്കറിനെ മന്ത്രിസഭയില്‍ നിന്നും നീക്കം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. തമിഴ്നാടിന്റെ അനിശ്ചിതത്വത്തിലായ ഭരണമാണ് ലയനത്തിനും പളനിസ്വാമി മുഖ്യമന്ത്രി പദത്തില്‍ നിന്ന് ഇറങ്ങുന്നതിനും കാരണമാകുന്നതെന്നാണ് വിവരം.

പനീർസെൽവം പക്ഷത്തിന് നേതൃത്വം നൽകുന്നത് മുൻ മന്ത്രിയായ കെ.പി മുനിസ്വാമിയാണ്. മാത്രമല്ല മുതിർന്ന നേതാക്കളായ മാഫോയി പാണ്ഡിയരാജൻ, വി.മൈത്രേയൻ എന്നിവരും ഒ.പി.എസിനൊപ്പമാണ്.
ഭരണപക്ഷത്തിലുള്ള മറ്റ് നേതാക്കൾ ശശികലയെയും അനന്തരവൻ ടി.ടി.വി ദിനകരനെയും ഒഴിവാക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിച്ച് പാർട്ടിയുടെ രണ്ടില ചിഹ്നം നേടിയെടുക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് ദിനകരനെതിരെ ഡൽഹി പൊലീസ് കേസെടുത്തതോടെയാണ് പാർട്ടിയിലെ ഇരുവിഭാഗങ്ങളും ലയന നടപടികളുമായി മുന്നോട്ടു വന്നത്. ഇരുവിഭാഗം ലയനം വരുന്ന തിങ്കളാഴ്ച്ച ഔദ്യോഗികമായി ലയനം പ്രഖ്യാപിക്കുമെന്നാണ് സൂചന. അന്ന് തന്നെയാണ് ദിനകരനോട് ഡല്‍ഹി പൊലീസ് ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്നതും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ