ചെന്നൈ: തമിഴ്നാട്ടില്‍ ദലിത് ആക്ടിവിസ്റ്റിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ത്രിച്ചി ജില്ലയിലെ മാനച്ചനെല്ലൂരിലെ ഒരു തോട്ടത്തിലാണ് കതിരേസന്‍ എന്നയാളെ കൈ പിന്നില്‍ കെട്ടി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് പൈപ്പ് പൊട്ടിച്ചുവെന്ന് ആരോപിച്ച് തീവ്ര ഹിന്ദു വിഭാഗത്തില്‍ പെട്ടവരാണ് ഇയാളെ കൊലപ്പെടുത്തിയത്.

ദലിത് സന്നദ്ധ പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമാണ് കൊല്ലപ്പെട്ട കതിരേസന്‍. കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കതിരേസനും തങ്കരസ് എന്നയാളും തമ്മില്‍ വഴക്കുണ്ടായതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈ 7ന് തങ്കരസിന്റെ ഫാമിലെ പ്ലാസ്റ്റിക് ടാപ്പ് പൊട്ടിയെന്ന് ആരോപിച്ച് ഇയാള്‍ കതിരേസനെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ രണ്ട് ആണ്‍മക്കളേയും ഗുണ്ടകളേയും കൂട്ടി തങ്കരസ് കതിരേസന്റെ വീട്ടിലെത്തി ആക്രമണം നടത്തി.

ക്രൂരമായ ആക്രമണങ്ങള്‍ക്കൊടുവില്‍ കതിരേസന്റെ ബോധം പോവുകയും അക്രമികള്‍ ഇയാളെ കെട്ടിയിട്ട് കൊണ്ടു പോവുകയും ചെയ്തതായി കതിരേസന്റെ ഭാര്യ നന്ദിനി വ്യക്തമാക്കി. പൊലീസ് സ്റ്റേഷനിലേക്കാവും കൊണ്ടു പോയിട്ടുണ്ടാവുക എന്ന് കരുതിയ നന്ദിനിയും ബന്ധുക്കളും പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും കതിരേസനെ കാണാനായില്ല. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ തങ്കരസ് കതിരേസനെ കെട്ടിയിട്ട് തോട്ടത്തിലേക്ക് കൊണ്ടുപോയതായി വ്യക്തമായി. പിന്നാലെയാണ് ഇയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലയിടിച്ച് പൊട്ടിച്ചാണ് കതിരേസനെ കൊലപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ടാപ്പ് പൊട്ടിച്ചതിലുളള വൈരാഗ്യം മൂലമാണ് കൊലപ്പെടുത്തിയതെന്ന നിഗമനത്തില്‍ പൊലീസ് എത്തിയെങ്കിലും ബന്ധുക്കള്‍ മറ്റു വിവരങ്ങളാണ് നല്‍കിയത്. ഹിന്ദു സ്ത്രീയെ വിവാഹം ചെയ്തതിലുളള പക കാരണമാണ് കൊല നടത്തിയതെന്നാണ് ബന്ധുക്കളുടെ വാദം. സംഭവത്തില്‍ തങ്കരസിനും മക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ