/indian-express-malayalam/media/media_files/uploads/2017/02/paneerselvam-1.jpg)
ചെന്നൈ: ശശികലയുടെ കുടുംബാംഗങ്ങളുടെ കയ്യിൽനിന്നും എഐഎഡിഎംകെയെ രക്ഷിക്കണമെന്ന് കാവൽ മുഖ്യമന്ത്രി ഒ.പനീർസെൽവം. മന്ത്രിസഭ രൂപീകരിക്കാൻ എടപ്പാടി പളനിസ്വാമിയെ ഗവർണർ സി.വിദ്യാസാഗർ റാവു ക്ഷണിച്ചതിനുപിന്നാലെയാണ് പനീർസെൽവത്തിന്റെ പ്രതികരണം. ശശികലയുടെ ഏതാനും കുടുംബാംഗങ്ങളുടെ കയ്യിലേക്ക് പാർട്ടിയെ വിട്ടു കൊടുക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
അതിനിടെ, പളനിസ്വാമിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതിനെതിരെ നിയമനടപടികൾക്ക് ഒരുങ്ങുകയാണ് പനീർസെൽവം പക്ഷം. പനീർസെൽവത്തെ നിർബന്ധിപ്പിച്ച് രാജി വയ്പിച്ചതാണെന്നും രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി ശശികല പനീർസെൽവത്തെ കരുവാക്കുകയായിരുന്നെന്നുള്ള പരാതിയുമായി എഐഎഡിഎംകെ എംപി മൈത്രേയൻ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കുമെന്നും സൂചനയുണ്ട്.
എഐഎഡിഎംകെ ജനറൽ സെക്രട്ടറിയായി ശശികലയെ തിരഞ്ഞെടുത്തതിനെതിരെ തിരഞ്ഞെടുപ്പു കമ്മിഷനിൽ പരാതിയും വന്നിട്ടുണ്ട്. പാർട്ടി ഭരണഘടന പ്രകാരം ജനറൽ സെക്രട്ടറിയാകാൻ കുറഞ്ഞത് അഞ്ചു വർഷമെങ്കിലും പാർട്ടിയുടെ പ്രാഥമിക അംഗമായിരിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇതു മറികടന്നാണ് ശശികലയെ ജനറൽ സെക്രട്ടറിയാക്കിയതെന്ന് പരാതിയിൽ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.