ചെന്നൈ: ശശികല സ്വത്തുകേസില്‍ ജയിലില്‍ പോയതോടെ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപികരിക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും പുരോഗമിക്കുന്നു. എഐഎഡിഎംകെ നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനിസ്വാമിയും കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വവും ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കണ്ടു.

ഭരണകാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്കുള്ള പിന്തുണ തെളിയിക്കാന്‍ ഗവര്‍ണര്‍ വിദ്യാസഗര്‍ റാവു പളനിസ്വമി-പനീര്‍സെല്‍വ പക്ഷങ്ങളോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വെകുന്നേരം 8 മണിയോടെയാണ് പളനിസ്വാമി ഗവര്‍ണറെ കാണാനെത്തിയത്. അദ്ദേഹം പോയതിന് പിന്നാലെ പനീര്‍ശെല്‍വവും എത്തി.

എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ഇരുവരും അവകാശപ്പെടുന്ന സാഹചര്യത്തില്‍ എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് ഹാജരാക്കാനാണ് ഇരുപക്ഷങ്ങള്‍ക്കും ഗവര്‍ണര്‍ നല്‍കിയെന്നാണ് വിവരം. ശശികല അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെയാണ് പളനിസാമി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്.

എംപിമാരുടെ പിന്തുണയുണ്ടെങ്കിലും പതിനൊന്ന് എംഎല്‍എമാരാണ് പനീര്‍ശെല്‍വത്തോടൊപ്പം ഇപ്പോഴുള്ളത്. ശശികല ജയിലിലായതോടെ കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് പനീര്‍ശെല്‍വം വിഭാഗം പ്രതീക്ഷിക്കുന്നത്. എന്നാല്‍ കൂവത്തൂരിലെ റിസോര്‍ട്ടിലുള്ള എത്ര എംഎല്‍മാര്‍ പനീര്‍ശെല്‍വത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് ഇപ്പോഴും അവ്യക്തമാണ്.

ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ കോടതയില്‍ കീഴടങ്ങിയ ശശികലയെ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. അറസ്റ്റ് വരിക്കുന്നതിന് കൂടുതൽ സമയം വേണമെന്ന് ചോദിച്ച ശശികലയുടെ ഹർജി പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതി തളളിയതാണ് ഇന്ന് തന്നെ ചിന്നമ്മയെ ജയിലിലേക്ക് നയിച്ചത്. സുരക്ഷാ പ്രശ്നങ്ങളെത്തുടർന്നാണ് ജയിലിനകത്ത് പ്രത്യേക കോടതിമുറി ഒരുക്കിയത്. ശശികലയ്ക്കൊപ്പം കൂട്ടുപ്രതിയായ ഇളവരശിയും കീഴടങ്ങി. മറ്റൊരു പ്രതിയായ ജയലളിതയുടെ വളർത്തുമകൻ സുധാകരൻ നാളെ കോടതിയിൽ കീഴടങ്ങും. മുതിർന്ന നേതാക്കളും ശശികലയ്ക്കൊപ്പം കോടതിയിലെത്തിയിരുന്നു.

ശശികല ഉടൻ കീഴടങ്ങണമെന്ന് സുപ്രീംകോടതി ഇന്ന് ഉത്തരവിട്ടിരുന്നു. കീഴടങ്ങാൻ സമയം ചോദിച്ച് ശശികല നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനു പിന്നാലെയാണ് റോഡ് മാർഗം ബെംഗളൂരുവിലെത്തി ശശികല കോടതിക്കു മുൻപിൽ കീഴടങ്ങിയത്.

2014 ൽ അനധികൃത സ്വത്ത് സന്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ടപ്പോൾ ജയലളിതയെയും ശശികലയെയും പാരപ്പന അഗ്രഹാര ജയിലിലാണ് പാർപ്പിച്ചിരുന്നത്. അന്ന് അടുത്തടുത്ത സെല്ലുകളിലായിരുന്നു ഇരുവരും. മറ്റ് രണ്ട് കുറ്റവാളികള്‍ക്കൊപ്പമാണ് ശശികലയെ ഇന്ന് പാര്‍പ്പിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ