ചെന്നൈ: തമിഴ്നാട്ടിലെ ഭരണ പ്രതിസന്ധി സംബന്ധിച്ച് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്ത രാജ്ഭവന്‍ നിഷേധിച്ചു. എന്നാൽ മൂന്ന് പേജുള്ള കരട് റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിച്ചത് സംശയത്തിന് ഇടയാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും റിപ്പോർട്ട് സംബന്ധിച്ച വാർത്ത നിഷേധിച്ചിട്ടുണ്ട്. എന്നാൽ ഗവർണ്ണറുടെ ഓഫീസിൽ നിന്ന് തന്നെയാണ് റിപ്പോർട്ട് ചോർന്നതെന്ന് തമിഴ്‌നാട്ടിൽ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിധി വരാന്‍ ഇരിക്കെ വികെ ശശികലയെ മുഖ്യമന്ത്രി പദവിയിലേക്ക് ക്ഷണിക്കാനാവില്ലെന്ന റിപ്പോര്‍ട്ട് ഗവർണർ നല്‍കിയെന്നാണ് റിപ്പോർട്ട്. കേസ് നിലവില്‍ ഇരിക്കെ ഭരണഘടനാപരമായ പ്രശ്നങ്ങള്‍ ഉണ്ടെന്നും ആറ് മാസത്തിനകം ശശികല എംഎല്‍എ ആകുമെന്ന് ഉറപ്പില്ലെന്നും ഗവര്‍ണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നതായും വാര്‍ത്തകള്‍ വന്നു.
ചില എംഎല്‍എമാരെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും തമിഴ്നാട്ടില്‍ കുതിരക്കച്ചവടത്തിന് സാധ്യതയുണ്ടെന്ന ആശങ്കയും ഗവര്‍ണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നതായും വാര്‍ത്ത വന്നു. എന്നാല്‍ ശശികലയും അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയും ഉള്‍പ്പെട്ട അനധികൃത സ്വത്ത് സംബന്ധിച്ച് കേസില്‍ വിധി വരാനിരിക്കെ ശശികലയുടെ മുഖ്യമന്ത്രി പദത്തിലേക്കുള്ള നീക്കം എളുപ്പമാകില്ല. കേസ് പ്രതികൂലമാണെങ്കില്‍ ആറ് മാസത്തിനകം എംഎല്‍എ ആകുക എന്നത് ശശികലയ്ക്ക് സ്വപ്നം മാത്രമാകും.
1991-96 കാലത്ത് 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് അന്ന് ജനതാ പാര്‍ട്ടി അധ്യക്ഷനായിരുന്ന സുബ്രഹ്മണ്യ സ്വാമിയാണ് ജലയളിതയെയും ശശികലെയും എന്നിവരെ പ്രതിചേര്‍ത്ത് കേസ് കൊടുത്തത്.
2014ല്‍ ബംഗളൂരു പ്രത്യേക കോടതി ഇവര്‍ക്ക് നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയും വിധിച്ചിരുന്നു. തുടര്‍ന്ന് ജയലളിത, ശശികല, സുധാകരന്‍, ഇളവരശി എന്നിവര്‍ക്ക് ജയിലില്‍ കിടക്കേണ്ടിയും വന്നു. ഈ സമയത്താണ് ആദ്യമായി പനീര്‍ സെല്‍വം ജയലളിതയ്ക്ക് പകരം മുഖ്യമന്ത്രിയായത്. 2015ല്‍ കര്‍ണാടക ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കിയതോടെയാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.
ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ പോയത്. വിധി പ്രതികൂലമായേക്കുമെന്ന ആശങ്കയിലാണ് ശശികല തിരക്കിട്ട നീക്കങ്ങളിലൂടെ മുഖ്യമന്ത്രി പദത്തിലേക്ക് കയറാന്‍ ശ്രമിച്ചതെന്നാണ് വിവരം.