scorecardresearch
Latest News

കന്യാകുമാരി എംപി എച്ച് വസന്തകുമാർ കോവിഡ് ബാധിച്ച് മരിച്ചു

ഒരു സെയിൽസ്മാനായി ജീവിതം തുടങ്ങിയ വസന്തകുമാർ പിന്നീട് ഗൃഹോപകരണ വിപണന ശൃംഖലയായ വസന്ത് ആൻഡ് കോ സ്ഥാപിച്ച് വ്യവസായി എന്ന നിലയിൽ വിജയം കൈവരിക്കുകയും ചെയ്തിരുന്നു

കന്യാകുമാരി എംപി എച്ച് വസന്തകുമാർ കോവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കന്യാകുമാരി എംപി എച്ച് വസന്തകുമാർ (ഹരികൃഷ്ണൻ വസന്തകുമാർ) അന്തരിച്ചു. 70 വയസ്സായിരുന്നു. തമിഴ്‌നാട് കോൺഗ്രസ് നേതാവും കന്യാകുമാരി എംപിയുമായ വസന്തകുമാർ ഓഗസ്റ്റ് 10 മുതൽ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇസി‌എം‌ഒ, വെന്റിലേറ്റർ പിന്തുണയിലായിരുന്നു അദ്ദേഹത്തെ ചികിത്സിച്ചിരുന്നത്.

മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചനമറിയിച്ചു.

“ലോക്സഭാ എംപി ശ്രീ എച്ച്. വസന്തകുമാർ ജിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. ബിസിനസ്സിലും സാമൂഹിക സേവന ശ്രമങ്ങളിലും അദ്ദേഹത്തിന്റെ മുന്നേറ്റം ശ്രദ്ധേയമായിരുന്നു. അദ്ദേഹവുമായി ഞാൻ ഇടപെട്ടപ്പോഴെല്ലാം, തമിഴ്‌നാടിന്റെ പുരോഗതിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം എനിക്ക് കാണാൻ കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികൾക്കും അനുശോചനം അറിയിക്കുന്നു,” മോദി ട്വീറ്റ് ചെയ്തു.

Read More: പാർലമെന്റ് സമ്മേളനത്തിനു മുൻപ് എംപിമാർ കോവിഡ് പരിശോധന നടത്തണം

“കന്യാകുമാരി എംപി ശ്രീ എച്ച് വസന്തകുമാറിന്റെ, കോവിഡ് -19 നെത്തുടർന്നുള്ള അകാല മരണത്തെക്കുറിച്ചുള്ള വാർത്ത ഞെട്ടിപ്പിക്കുന്നതാണ്,” എന്ന് രാഹുൽ ട്വീറ്റ് ചെയ്തു.

കന്യാകുമാരിയിലെ ഒരു ചെറിയ പട്ടണത്തിൽ ജനിച്ച വസന്തകുമാർ 1970ന്റെ തുടക്കത്തിൽ ഒരു സെയിൽസ്മാനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് സംസ്ഥാനത്തെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലകളിലൊന്നായി മാറിയ വസന്ത് ആൻഡ് കോയ്ക്ക് 1978 ൽ അദ്ദേഹം തുടക്കം കുറിച്ചു.  തമിഴ്‌നാട്ടിലെ ഏറ്റവും വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഇലക്ട്രോണിക്, ഗാർഹിക വീട്ടുപകരണ വിതരണ ശൃംഖലയാണ് വസന്ത് ആൻഡ് കോയുടേത്. റിപ്പോർട്ടുകൾ പ്രകാരം ദക്ഷിണേന്ത്യയിലുടനീളം കമ്പനിക്ക് 82 ഷോറൂമുകളുണ്ട്. വസന്തകുമാറും അദ്ദേഹത്തിന്റെ പത്നിയും ഓഹരി പങ്കാളികളായ വസന്ത് & കോ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലാണ് തമിഴ് ടിവി ചാനലായ വസന്ത് ടിവി പ്രവർത്തിക്കുന്നത്.

സാമൂഹ്യ സേവനം, എഴുത്ത് തുടങ്ങിയ രംഗങ്ങളിലും എച്ച് വസന്ത് കുമാർ ഇടപെടാറുണ്ട്. അദ്ദേഹത്തിന്റെ പുസ്തകമായ ‘ വെട്രിപ്പടികട്ട്’ (വിജയകോണിപ്പടികൾ) മൂന്ന് ഭാഗങ്ങളായി പുറത്തിറങ്ങി. പുസ്തകത്തിന്റെ മൂന്നാം ഭാഗം 2016 ൽ ഡിഎംകെ നേതാവ് എം കെ സ്റ്റാലിനാണ് പുറത്തിറക്കിയത്. തങ്ങളുടെ മേഖലയിൽ വിജയിക്കാൻ ലക്ഷ്യമിടുന്നവർക്ക് ഈ പുസ്തകം ഉത്തേജകമാകുമെന്ന് വസന്തകുമാർ പറഞ്ഞിരുന്നു.

Read More: ചെന്നൈ സൂപ്പർ കിങ്ങ്സ് അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു

മുൻ എംപിയും ടിഎൻ‌സി‌സി പ്രസിഡന്റുമായ കുമാരിഅനന്തന്റെ ഇളയ സഹോദരനായിരുന്നു അദ്ദേഹം. തെലങ്കാന ഗവർണറും ബിജെപി തമിഴ്‌നാട് ഘടകം മുൻ പ്രസിഡന്റുമായിരുന്ന ഡോ തമിഴിസൈ സൗന്ദരരാജൻ വസന്തകുമാറിന്റെ മരുമകളും കുമാരിഅനന്തന്റെ മകളുമാണ്.

2006 ൽ നംഗുനേരി നിയോജകമണ്ഡലത്തിൽ നിന്ന് അണ്ണാഡിഎംകെയുടെ എസ്‌‌പി സൂര്യകുമാറിനെ പരാജയപ്പെടുത്തി കുമാർ ആദ്യമായി തമിഴ്‌നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2016 ൽ അതേ മണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരിച്ച് വിജയികളായി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കന്യാകുമാരിയിൽ നിന്ന് കുമാർ മത്സരിച്ചു. അന്നത്തെ കേന്ദ്ര ധനമന്ത്രിയായിരുന്ന പോൻ രാധാകൃഷ്ണനെ 2,50,000ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വസന്തകുമാർ പരാജയപ്പെടുത്തിയത്.

ജൂൺ ആദ്യവാരം തമിഴ്‌‌നാട്ടിൽ ഡിഎംകെ എൽഎ ജെ അൻപഴകൻ കോവിഡ് ബാധയെത്തുടർന്ന് മരിച്ചിരുന്നു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആഴ്ചകളോളം ചികിത്സയിൽ കഴിഞ്ഞ ശേഷമായിരുന്നു മരണം.

Read More: Tamil Nadu: Congress MP Harikrishnan Vasanthakumar passes away due to Covid-19

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Tamil nadu congress leader kanyakumari mp h vasanthakumar passes away due to covid